നടൻ കലാഭവൻ പ്രജോദ് സംവിധായകനാവുന്നു. '1983', 'ആക്ഷൻ ഹീറോ ബിജു', 'മഹാവീര്യർ' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത എബ്രിഡ് ഷൈനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മിമിക്രി വേദിയിൽ നിന്ന് ടെലിവിഷനിലേക്കും പിന്നീട് സിനിമയിലും എത്തിയ പ്രജോദിന്റെ പുതിയ ചുവടുവെപ്പാണിത്.
ചിത്രത്തിലെ വിവിധ കഥാപാത്രങ്ങൾക്കായി കാസ്റ്റിങ് കോൾ പുറത്തുവിട്ടിട്ടുണ്ട്. മാർഷ്യൽ ആർട്ട്സിൽ പ്രാഗൽഭ്യമുള്ള 18നും 24നും ഇടയിലുള്ള യുവാക്കളെയും 30നും 48നും ഇടയിൽ പ്രായമുള്ള പുരുഷന്മാരെയുമാണ് ഓഡിഷനിലേക്ക് വിളിച്ചിരിക്കുന്നത്.
ആക്ഷൻ ത്രില്ലറായിട്ടാണോ ചിത്രം ഒരുങ്ങുന്നതെന്നാണ് ചിത്രത്തിന്റെ കാസ്റ്റിങ് കോളിന് പിന്നാലെ പ്രേക്ഷകരിൽ നിന്നുയരുന്ന ചോദ്യം. അഭിനയിക്കാൻ താൽപ്പര്യമുള്ള മാർഷ്യൽ ആർട്സ് വിദഗ്ധരിൽ 18നും 24നും ഇടയിൽ പ്രായമുള്ളവർ kalabhavanprajodmovie1@gmail.com എന്ന ഇമെയിൽ ഐഡിയിലേക്കും 30നും 48നും ഇടയിൽ പ്രായമുള്ളവർ kalabhavanprajodmovie2@gmail.com എന്ന ഇമെയിലുകളിൽ ആണ് ഓഡിഷനായി പ്രൊഫൈൽ അയക്കേണ്ടത്.
ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം എബ്രിഡ് ഷൈൻ സഹനിർമ്മാതാവും സഹ രചയിതാവുമാകുന്ന 'റേച്ചൽ' എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഹണി റോസ് നായികയാവുന്ന ചിത്രം നവാഗതയായ ആനന്ദിനി ബാലയാണ് സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.
Content Highlights: Actor Kalabhavan Prajod plans to direct and Abrid Shine will pen the screenplay