സൂപ്പര്‍താരങ്ങളാണല്ലോ ഒപ്പം എന്നൊന്നും നോക്കാറില്ല, അങ്ങനെ ചിന്തിക്കാന്‍ തുടങ്ങിയാല്‍ അഭിനയം പാളും: അഭിനയ

വിവിധ ഇന്‍ഡസ്ട്രികളിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പവും അഭിനയ സ്‌ക്രീന്‍ പങ്കിട്ടിരുന്നു. ഏഴാം അറിവ്, വീരം, തനി ഒരുവന്‍, മാർക്ക് ആന്‍റണി തുടങ്ങിയവ അവയില്‍ ചിലത് മാത്രം.

2008ല്‍ 'നാടോടികള്‍' എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയും മോഡലുമായ അഭിനയ സിനിമാലോകത്തിന് മുന്നില്‍ പുതിയൊരു വഴിയായിരുന്നു വെട്ടിയത്. ബധിരയായ വ്യക്തിയ്ക്കും സിനിമാനടിയാകാനും നായികാവേഷങ്ങള്‍ കൈകാര്യം ചെയ്യാനും കഴിയുമെന്ന് അഭിനയ തെളിയിച്ചു.

തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ട അഭിനയ വിവിധ ഇന്‍ഡസ്ട്രികളിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പവും സ്‌ക്രീന്‍ പങ്കിട്ടിരുന്നു. ഏഴാം അറിവ്, വീരം, തനി ഒരുവന്‍ തുടങ്ങിയവ അവയില്‍ ചിലത് മാത്രം. എന്നാല്‍ കൂടെ അഭിനയിക്കുന്നത് സൂപ്പര്‍താരങ്ങളാണല്ലോ എന്നൊന്നും ആലോചിച്ച് ടെന്‍ഷനടിക്കാറില്ലെന്ന് പറയുകയാണ് അഭിനയ ഇപ്പോള്‍.

സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുള്ള അഭിനയത്തെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു നടിയുടെ ഈ മറുപടി. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കി അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

'എന്റെ റോളിലും ജോലിയിലും മാത്രമാണ് ഞാന്‍ ശ്രദ്ധിക്കാറുള്ളത്. കൂടെയുള്ളത് സൂപ്പര്‍താരങ്ങളാണല്ലോ എന്നൊന്നും ആലോചിക്കാറില്ല. ആരാണ് ഒപ്പം അഭിനയിക്കുന്നത് എന്നെല്ലാം ചിന്തിക്കാന്‍ തുടങ്ങിയാല്‍ ഏകാഗ്രത പോകും. അഭിനയത്തിലേക്കുള്ള ഫോക്കസ് നഷ്ടപ്പെട്ട് എല്ലാം പാളിപ്പോകും. അതുകൊണ്ട് അഭിനയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഞാന്‍ ഷൂട്ടുകള്‍ പൂര്‍ത്തിയാക്കാറുള്ളത്,' അഭിനയ പറഞ്ഞു.

നടന്‍ ജോജു ജോര്‍ജ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ 'പണി'യാണ് അഭിനയയുടെ ഏറ്റവും പുതിയ സിനിമ. ചിത്രത്തില്‍ ഗൗരി എന്ന കഥാപാത്രമായാണ് നടിയെത്തുന്നത്. കരിയറിലെ വ്യത്യസ്തമായ വേഷങ്ങളിലൊന്നാണ് പണിയിലേതെന്നും അഭിനയ അഭിമുഖത്തില്‍ പറഞ്ഞു.

'തിരക്കഥ ഏറെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് പണി ചെയ്യാന്‍ തീരുമാനിച്ചത്. തമിഴും തെലുങ്കും മലയാളവും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും സട്ടിലായ അഭിനയരീതികളുള്ളത് മലയാളത്തിലാണ്. പണിയിലെ ഗൗരിയും അങ്ങനെ തന്നെയായിരുന്നു. ജോജു സാര്‍ കഥാപാത്രത്തെ കുറിച്ച് വ്യക്തമായി പറഞ്ഞു തന്നിരുന്നു.

ഓരോ സീനിലും എങ്ങനെയാണ് അഭിനയിക്കേണ്ടതെന്നും അദ്ദേഹം പറയും. എവിടെയെങ്കിലും എന്റെ എക്‌സ്പ്രഷന്‍സ് കൂടിപ്പോയാല്‍ അപ്പോള്‍ തന്നെ അദ്ദേഹം അത് കുറയ്ക്കണമെന്ന് പറയുമായിരുന്നു. ജോജു സാറിനെ ഞാന്‍ എപ്പോഴും നന്ദിയോടെ ഓര്‍ക്കും. അത്രയേറെ സ്‌നേഹത്തോടെയും പോസിറ്റീവുമായാണ് അദ്ദേഹം എന്നോട് ഇടപെട്ടത്,' അഭിനയ പറഞ്ഞു.

Content Highlights: Actress Abhinaya about working with superstars

To advertise here,contact us