കാര്‍ത്തിക് ആര്യനെ നായകനാക്കി അനീസ് ബസ്മി സംവിധാനം ചെയ്യുന്ന ചിത്രം ഭൂല്‍ ഭുലയ്യ 3 ലെ പുതിയ ഗാനം പുറത്തുവിട്ടു. അമി ജേ തൊമാർ എന്ന ഗാനത്തിന്റെ പുത്തൻ പതിപ്പിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. അമി ജേ തൊമാർ 3.0 എന്നാണ് ഗാനത്തിന് അണിയറപ്രവർത്തകർ നൽകിയിരിക്കുന്ന പേര്.
ശ്രേയ ഘോഷാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. സമീരിന്റെ വരികൾക്ക് അമാൽ മാലിക്കാണ് സംഗീതം നൽകിയിരിക്കുന്നത്. മാധുരി ദീക്ഷിത്തും വിദ്യ ബാലനും ചേർന്നുള്ള അത്യുഗ്രൻ നൃത്തപ്രകടനമാണ് ഗാനത്തിന്റെ ഹൈലൈറ്റ്. ഗാനം ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
കാർത്തിക് ആര്യൻ, മാധുരി ദീക്ഷിത്ത്, വിദ്യ ബാലൻ എന്നിവർക്ക് പുറമെ തൃപ്തി ഡിമ്രി, സഞ്ജയ് മിശ്ര, രാജ്പാൽ യാദവ്, അശ്വിനി കൽസേക്കർ, വിജയ് റാസ്, മനീഷ് വാധ്വ, രാജേഷ് ശർമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൊററും കോമഡിയും മിക്സ് ചെയ്ത ഒരു പക്കാ എന്റർടൈനർ ആകും 'ഭൂൽ ഭുലയ്യ 3' എന്നാണ് സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയിലർ നൽകിയ സൂചന. അതിനാൽ തന്നെ സിനിമയുടെ മേൽ ആരാധകർക്ക് വലിയ പ്രതീക്ഷയുമുണ്ട്.
2007ലായിരുന്നു ഭൂൽ ഭുലയ്യ ആദ്യഭാഗം റിലീസ് ചെയ്തത്. മലയാളത്തിൽ സൂപ്പർഹിറ്റായ മണിച്ചിത്രത്താഴിന്റെ റീമേക്കായ സിനിമ പ്രിയദർശനായിരുന്നു സംവിധാനം ചെയ്തത്. ഭൂൽ ഭുലയ്യ വലിയ വിജയമാകുകയും പിൽക്കാലത്ത് ഒരു കൾട്ട് ചിത്രമായി മാറുകയും ചെയ്തിരുന്നു. പിന്നീട് ചിത്രത്തിന് രണ്ടാം ഭാഗം അണിയറപ്രവർത്തകർ ഒരുക്കിയിരുന്നു. 2022ലായിരുന്നു ഇത് എത്തിയത്. കാർത്തിക് ആര്യൻ ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്.
Content Highlights: Vidya Balan and Madhuri Dixit classical face-off in Bhool Bhulaiyaa 3 song Aami Je Tomar