വർഷങ്ങളുടെ കാത്തിരിപ്പിന് അവസാനം; ഹൃത്വിക് റോഷൻ ചിത്രത്തിൽ ഷാരൂഖ് ഖാനും

അയൻ മുഖർജി സംവിധാനം ചെയ്യുന്ന വാർ 2 ആദിത്യ ചോപ്രയാണ് നിർമ്മിക്കുന്നത്

ബോളിവുഡിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ട് താരങ്ങളാണ് ഷാരൂഖ് ഖാനും ഹൃത്വിക് റോഷനും. ഷാരൂഖ് നായകനായ കഭി ഖുഷി കഭി ഗം, ഓം ശാന്തി ഓം, ഡോൺ 2 എന്നീ ചിത്രങ്ങളിലാണ് ഇരുതാരങ്ങളും മുമ്പ് ഒന്നിച്ചഭിനയിച്ചത്.

വർഷങ്ങൾക്ക് ശേഷം വീണ്ടും ഇരുവരും ഒന്നിക്കുകയാണ്. യഷ് രാജ് ഫിലിംസിന്റെ സ്‌പൈ സീരിസിൽ ഉൾപ്പെട്ട വാർ 2 എന്ന ചിത്രത്തിൽ ഹൃത്വകിനൊപ്പം അതിഥി വേഷത്തിൽ ഷാരൂഖ് ഖാനും എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ദൈനിക് ഭാസ്‌കർ ആണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.

പത്താൻ സിനിമയിലെ ഷാരൂഖിന്റെ കഥാപാത്രം വാര്‍ 2 വിലെത്തും. നേരത്തെ ഷാരൂഖിന്റെ പത്താനിൽ സൽമാൻ ഖാനും സൽമാൻ ഖാന്റെ ടൈഗർ റിട്ടേൺസിൽ ഷാരൂഖ് ഖാനും അതിഥികളായി എത്തിയിരുന്നു. ഈ രണ്ട് ചിത്രങ്ങളും സ്‌പൈ യൂണിവേഴ്‌സിൽ ഉൾപ്പെടുന്നവയാണ്.

വാർ 2 വിൽ ഹൃത്വിക്കിന്റെ കബീറും ഷാരൂഖിന്റെ പത്താനും കണ്ടുമുട്ടുന്ന രംഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ. ജൂനിയർ എൻടിആർ ആണ് വാർ 2 വിൽ വില്ലൻ റോളിൽ എത്തുന്നത്. കിയാര അദ്വാനിയാണ് ചിത്രത്തിലെ നായിക.

വാർ 2 വിന്റെ പോസ്റ്റ് ക്രെഡിറ്റ് സീനിലായിരിക്കും ഷാരൂഖ് എത്തുക. 2025 ലാണ് ഈ രംഗം ചിത്രീകരിക്കുക. അയൻ മുഖർജി സംവിധാനം ചെയ്യുന്ന വാർ 2 ആദിത്യ ചോപ്രയാണ് നിർമ്മിക്കുന്നത്. ചിത്രം 2025 ഓഗസ്റ്റ് 14-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങൾ അടുത്ത മാസം ചിത്രീകരിക്കും. സ്‌പൈ യൂണിവേഴ്സിൽ നിന്നുള്ള മറ്റൊരു ചിത്രം അടുത്ത വർഷം പുറത്തിറങ്ങും. ആലിയ ഭട്ടും ശർവാരിയും ചേർന്ന് അവതരിപ്പിക്കുന്ന ആൽഫ എന്ന ചിത്രമാണിത്. ചിത്രം 2025 ഡിസംബർ 25 നാണ് റിലീസ് ചെയ്യുക. അതേസമയം ഷാരൂഖിന്റെ പത്താൻ 2 അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും.

Content Highlights: SRK and Hrithik Roshan join for WAR 2

To advertise here,contact us