മലയാള സിനിമയിൽ തന്റേതായ സ്ഥാനമുള്ള ആരാധകരുടെ പ്രിയപ്പെട്ട മോഹൻ ലാൽ തിരിച്ചുവരവിനൊരുങ്ങുകയാണ്. അടുത്തതായി പുറത്തിറങ്ങാനിരിക്കുന്നതിൽ ഏറെ പ്രതീക്ഷയോടെ മോഹൻലാൽ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന എൽ 360. ചിത്രത്തിന്റെ റിലീസ് ഡേറ്റിനെ സംബന്ധിച്ചിട്ടുള്ള അനൗദ്യോഗിക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
2025 ജനുവരി 23 ന് ചിത്രം തിയേറ്ററിലെത്തും എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാല് ഇതിനെ പറ്റി സ്ഥിരീകരണമായിട്ടില്ല. ചിത്രത്തിന്റ്രെ ഷൂട്ടിങ് ഇപ്പോൾ തേനിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ തേനിയിൽ നിന്നുള്ള ലൊക്കേഷൻ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ഈ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം എൽ 360 ടീം പാലക്കാട്ടേക്ക് പോകുമെന്നും റിപ്പോർട്ടുകളുണ്ട്. പാലക്കാട് ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം ചിത്രത്തിൻ്റെ അഞ്ചാമത്തെയും അവസാനത്തെയും ഷെഡ്യൂൾ തൊടുപുഴയിൽ നടക്കുമെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
#Mohanlal - @talk2tharun Team's #L360 Planning For January 23rd, 2025 🔒Bankrolled By #Rejaputhra Release Through @aashirvadcine @Mohanlal pic.twitter.com/gklyTvOYxi
പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറുടെ കഥാപാത്രത്തെയാണ് മോഹൻലാൽ തരുൺ മൂർത്തി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തെയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് സൂചന. വലിയ ഇടവേളക്കു ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക് കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്.
മലയാളത്തിന്റെ എവർഗ്രീൻ കോംബോയായ മോഹൻലാലും ശോഭനയും 20 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് എൽ 360. 2004 ൽ ജോഷി സംവിധാനം ചെയ്ത മാമ്പഴക്കാലത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ൽ റിലീസ് ചെയ്ത സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.
ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുൺ മൂർത്തിയും കെ ആർ സുനിലും ചേർന്നാണ്. രജപുത്ര ഫിലിംസിന്റെ ബാനറിൽ എം രഞ്ജിത്ത് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്വഹിക്കുന്നത് ഷാജികുമാര് ആണ്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്. പിആര്ഒ വാഴൂര് ജോസ്.
Content Highlights: Mohanlal-Tharun Moorthy movie L 360 to release on january 23rd