'എന്റെ ഭാഗത്ത് പറ്റിയ തെറ്റാണ്'; വിവാഹമോചനത്തെ കുറിച്ച് മനസ് തുറന്ന് വിജയ് യേശുദാസ്

വിഷയം അംഗീകരിക്കാൻ അച്ഛനും അമ്മയ്ക്കും മടിയായിരുന്നു. എന്നാൽ മക്കൾ തങ്ങൾ ഇരുവർക്കും വലിയ പിന്തുണയാണ് നൽകുന്നത് എന്ന് വിജയ് യേശുദാസ്

വിവാഹബന്ധം അവസാനിപ്പിക്കാന്‍ കാരണമായ സാഹചര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഗായകനും നടനുമായ വിജയ് യേശുദാസ്. ഈ വിഷയം അംഗീകരിക്കാൻ അച്ഛനും അമ്മയ്ക്കും മടിയായിരുന്നു. എന്നാൽ മക്കൾ തങ്ങൾ ഇരുവർക്കും വലിയ പിന്തുണയാണ് നൽകുന്നത് എന്ന് വിജയ് യേശുദാസ് പറഞ്ഞു. വിവാഹജീവിതത്തില്‍ തെറ്റ് സംഭവിച്ചത് തനിക്കാണ്. അത്തരം തെറ്റുകള്‍ മക്കള്‍ക്ക് സംഭവിക്കരുത് എന്ന ആഗ്രഹം കൊണ്ടാണ് ആ കാര്യങ്ങൾ നിരന്തരം സംസാരിക്കുന്നത് എന്നും അദ്ദേഹം ധന്യ വര്‍മയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മാതാപിതാക്കളെ പറഞ്ഞ് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. പെട്ടെന്ന് തീരുമാനമെടുക്കാൻ അവർക്ക് സാധിക്കില്ല. അവർ അത്തരം സാഹചര്യങ്ങളിലാണ് വളർന്ന് വന്നത്. ഇക്കാര്യം പറഞ്ഞ് മാതാപിതാക്കളെ വേദനിപ്പിക്കേണ്ട എന്നതാണ് തന്റെ തീരുമാനം. എന്നാൽ താനും ദർശനയും നല്ല സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത് എന്നും വിജയ് യേശുദാസ് പറഞ്ഞു.

"മകൾക്ക് പതിനഞ്ചും മകന് ഒൻപതും വയസാണ്. മകൾക്ക് ഞങ്ങളുടെ അവസ്ഥയെക്കുറിച്ച് മനസിലാക്കാനുള്ള പ്രായമായി. അവള്‍ ഞങ്ങളെ പിന്തുണയ്‌ക്കുന്നുണ്ട്‌. എന്നാൽ മകന് സാഹചര്യം മനസിലാകുന്നില്ല. അവനെ മനസിലാക്കിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. എന്‍റെ ഭാഗത്താണ് തെറ്റുകള്‍ സംഭവിച്ചത്. അത് മക്കളോട് പറഞ്ഞ് മനസിലാക്കാറുമുണ്ട്. ഇത്തരം തെറ്റുകൾ സംഭവിക്കരുത് എന്ന് അവരെ പഠിപ്പിക്കുന്നതിന് വേണ്ടിയാണ് ആ കാര്യങ്ങൾ അവരോട് തുറന്നുപറയുന്നത്. എന്നാൽ ഭാവിയിൽ അവരെ ഉപദേശിക്കാന്‍ ഉദ്ദേശിക്കുന്നില്ല," വിജയ് യേശുദാസ് പറഞ്ഞു.

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2007–ലാണ് വിജയ് യേശുദാസും ദർശനയും വിവാഹിതരായത്. അമേയ, അവ്യാന്‍ എന്നിവരാണ് മക്കള്‍. അടുത്തിടെയാണ് ഇരുവരും വിവാഹമോചിതരായത്. ഈ വാർത്തകൾ ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു.

Content Highlights: Vijay Yesudas talks about his divorce

To advertise here,contact us