16 പേജുള്ള ആ സീനിൽ ഡയലോഗ് ഇല്ലാത്ത ഒരേയൊരാൾ തിലകനാണ്;'കിളിച്ചുണ്ടൻ മാമ്പഴം' രംഗം ഓർത്തെടുത്ത് ശ്രീകാന്ത് മുരളി

ബാബു രാജ്, അബു സലിം, ബൈജു എന്നിവർ എല്ലാം വട്ടത്തിൽ നിരന്നു നിൽക്കുന്നുണ്ട്. അവിടെ ആ സീനിൽ ഡയലോഗ് ഇല്ലാത്തൊരാൾ തിലകൻ ചേട്ടനാണ്. 16 പേജോളം ഡയലോ​ഗ് ഉണ്ട് ആ സീനിൽ.

ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനാണ് ശ്രീകാന്ത് മുരളി. ദീര്‍ഘകാലം പ്രിയദർശനൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ച ശ്രീകാന്ത് മുരളി കിളിച്ചുണ്ടൻ മാമ്പഴം എന്ന പ്രിയദർശൻ- മോഹൻ ലാൽ ചിത്രത്തിന്റേയും അണിയറയിൽ ഉണ്ടായിരുന്നു. ചിത്രത്തിൽ തിലകനൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് ശ്രീകാന്ത് മുരളി.

സിനിമയുടെ ഒരു രംഗത്തിൽ തിലകന് ഡയലോഗുകൾ ഉണ്ടായിരുന്നില്ല. ഇക്കാര്യം അദ്ദേഹത്തോട് പറയാനുള്ള ധൈര്യം ഇല്ലാത്തതിനാൽ മറ്റൊരാളെ വിട്ടു പറയിപ്പിച്ചു. പക്ഷെ തിലകന്റെ മറുപടി തന്നെ അതിശയിപ്പിച്ചെന്നാണ് ശ്രീകാന്ത് മുരളി പറയുന്നത്. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

'കിളിച്ചുണ്ടൻ മാമ്പഴത്തിന്റെ ക്ലൈമാക്സിൽ ലീഡിലേക്ക് വരുന്ന ഡിസിഷൻ മേക്കിങ് സീനുണ്ട്. വെള്ളൂർ മനയിൽ ചിത്രീകരിച്ച ആ രംഗത്തിൽ തിലകൻ ചേട്ടനാണ് കുടുംബത്തിലെ ഏറ്റവും വലിയ കാർണോർ. അദ്ദേഹത്തിന്റെ മകൾ ആമിനയെയെയാണ് അബ്ദുൽ ഖാദർ കൊണ്ട് പോകുന്നത്. പൂക്കുല പോലെ ചിതറണം അവന്റെ തല എന്നു പറയുന്ന ഡയലോഗ് വരുന്ന രംഗം.

പുഴ കടക്കും മുന്നേ അവനെ പിടിക്കുന്നതിനെക്കുറിച്ച് അവർ സംസാരിക്കുകയാണ്. ബാബു രാജ്, അബു സലിം, ബൈജു എന്നിവർ എല്ലാം വട്ടത്തിൽ നിരന്നു നിൽക്കുന്നുണ്ട്. അവിടെ ആ സീനിൽ ഡയലോഗ് ഇല്ലാത്തൊരാൾ തിലകൻ ചേട്ടനാണ്. 16 പേജോളം ഡയലോ​ഗ് ഉണ്ട് ആ സീനിൽ. തിലകൻ ചേട്ടനോട് ഡയലോഗ് ഇല്ലെന്ന് പറയാനുള്ള ധൈര്യം നമുക്ക് ഇല്ലാത്തത് കൊണ്ട് മുരളി ചേട്ടനാണ് (മുരളി നാ​ഗവള്ളി) പോയി പറയുന്നത്. ബാക്കി എല്ലാവർക്കും ഡയലോഗ് പറഞ്ഞു കൊടുത്ത് വരുമ്പോൾ എനിക്കുള്ള മറുപടിപോലെ തിലകൻ ചേട്ടൻ പറഞ്ഞു ' ഡോ, ഒരു സീനിൽ മൊത്തം ഡയലോഗ് ഇല്ലാതിരിക്കൽ, അത് വലിയ ജോലിയാ, അത് പ്രിയനറിയാം!' ശ്രീകാന്ത് മുരളി ഓർമിച്ചത് ഇങ്ങനെ.

തിലകൻ ചേട്ടന്റെ ആ മറുപടി തന്നെ അതിശയിപ്പിച്ചെന്നും അതൊരു അനുഭവമായി എന്നും ഓർമയിലുണ്ടെന്നും ശ്രീകാന്ത് പറഞ്ഞു.

Content Highlights: Srikanth Murali about the film Kilichundan Mambazham

To advertise here,contact us