ഋഷഭ് ഷെട്ടി നായകനായി സംവിധാനം ചെയ്ത കാന്താര സിനിമയുടെ പ്രീക്വൽ ആയി ഒരുങ്ങുന്ന കാന്താര 2 വിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ചുള്ള പുതിയ അപ്ഡേറ്റുകൾ പങ്കുവെച്ചിരിക്കുകയാണ് ഹോംബാലെ ഫിലിംസിന്റെ സാരഥിയായ വിജയ് കിരഗന്ദൂർ.
കാന്താര 2 വിന്റെ ചിത്രീകരണം 30 ശതമാനം പൂർത്തിയായെന്നും അടുത്ത ഷെഡ്യൂൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. കാന്താരയുടെ ചിത്രീകരണം മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. ചിത്രം അടുത്ത വർഷം ആഗസ്റ്റിൽ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിലെ കുന്ദാപുരയിലാണ് കാന്താര 2വിന്റെ ചിത്രീകരണം നടക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ഇതിനിടെ നടൻ മോഹൻലാൽ കാന്താര 2 വിൽ അഭിനയിക്കുന്നുണ്ടെന്ന് പ്രചാരണം വന്നിരുന്നു.
കാന്താര 2 വിൽ കഥാപാത്രമാവുന്നതിന് വേണ്ടി ഋഷഭ് ഷെട്ടി 11 കിലോ തടി കുറച്ചുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 150 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. 2022 സെപ്റ്റംബറിലായിരുന്നു കാന്താര റിലീസിനെത്തിയത്.
കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. കന്നഡ ഭാഷയിലെത്തിയ ചിത്രം പിന്നാലെ തന്നെ രാജ്യത്താകമാനം വൻതോതിൽ ശ്രദ്ധിക്കപ്പെട്ടു. യഷ് നായകനായ കെജിഎഫ് നിർമിച്ചതും ഹോംബാലെ ഫിലിംസിന്റെ ബാനറിലായിരുന്നു.
Content Highlights: Kantara 2 in August 2025 Producer Vijay Kiragandur shared the update