അപ്‌ഡേറ്റ് ചോദിക്കേണ്ട, കിട്ടില്ല; അജിത്തിന്റെ 'വിടാമുയർച്ചി' അല്ല, ആദ്യമെത്തുക 'ഗുഡ് ബാഡ് അഗ്ലി'

വിടാമുയാർച്ചി ഹോളിവുഡ് ചിത്രമായ ബ്രേക്ക്ഡൗണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്

സിനിമ പ്രഖ്യാപിച്ചപ്പോൾ മുതൽ അജിത്ത് ഫാൻസ് സോഷ്യൽ മീഡിയയിൽ നിരന്തരം ആവശ്യപ്പെടുന്ന ഒന്നാണ് 'വിടമുയാർച്ചി' സിനിമയുടെ അപ്‌ഡേറ്റ്. അജിത്ത് നായകനായി തിയേറ്ററുകളിൽ എത്തിയ തുനിവിന് ശേഷം സമകാലികനായ വിജയ് പോലും മൂന്ന് സിനിമകൾ ചെയ്തു. എന്നിട്ടും അജിത്തിന്റെ ഒരു ചിത്രത്തിന്റെ അപ്‌ഡേറ്റ് പോലും ലഭിച്ചിരുന്നില്ല.

2023 മേയ് മാസത്തിലാണ് മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന 'വിടമുയാർച്ചി' ചിത്രീകരണം ആരംഭിച്ചത്. എന്നാൽ ചിത്രീകരണം ആരംഭിച്ച് ഒന്നരവർഷം പിന്നിടുമ്പോഴും ചിത്രത്തിന്റെ ടീസറോ മറ്റ് അപ്‌ഡേറ്റുകളോ പുറത്തുവന്നില്ല. ഇതിനിടെ അജിത്ത് തന്റെ രണ്ടാമത്തെ ചിത്രമായ 'ഗുഡ് ബാഡ് അഗ്ലി' ആരംഭിക്കുകയും ചെയ്തു. ആദിക് രവിചന്ദ്രനാണ് 'ഗുഡ് ബാഡ് അഗ്ലി' സംവിധാനം ചെയ്യുന്നത്.

ഇതിനിടെ 'വിടാമുയർച്ചി' പൊങ്കൽ റിലീസായി ജനുവരിയിൽ എത്തുമെന്ന പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ ജനുവരിയിൽ ചിത്രം റിലീസ് ചെയ്യില്ലെന്നാണ് ഒടുവിലെത്തുന്ന റിപ്പോർട്ട്. പകരം 'ഗുഡ് ബാഡ് അഗ്ലി' ആയിരിക്കും ജനുവരിയിൽ തിയേറ്ററുകളിൽ എത്തുക. ചിത്രത്തിന്റെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം ജനുവരിയിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചത്. ചിത്രത്തിലെ അജിത്തിന്റെ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകൾ നേരത്തെ 'ഗുഡ് ബാഡ് അഗ്ലി' ടീം പുറത്തുവിട്ടിരുന്നു. സാൾട് ആൻഡ് പെപ്പർ ലുക്കിലും, യങ് ലുക്കിലുള്ള അജിത്തിന്റെ രണ്ട് ചിത്രങ്ങളായിരുന്നു പുറത്തുവിട്ടത്.

അതേസമയം 'വിടാമുയർച്ചി'യുടെ പാച്ചിങ് ഷൂട്ട് ബാക്കിനിൽക്കുകയാണ്. ഇതുകൊണ്ടാണ് റിലീസ് തീയതി പുറത്തുവിടാൻ സാധിക്കാത്തത്. 'വിടാമുയാർച്ചി' ഒരു സസ്പെൻസ് ത്രില്ലറാണെന്നും ഹോളിവുഡ് ചിത്രമായ ബ്രേക്ക്ഡൗണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.

അജിത്തിനൊപ്പം തൃഷ , അർജുൻ സർജ , ആരവ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്, അനിരുദ്ധ് രവിചന്ദറാണ് ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

Content Highlights: Not Vidaamuyarchi Ajith's Good Bad Ugly will first Release in Theatre

To advertise here,contact us