ഇപ്പോൾ സ്ഥിരമായി പീരിയഡ് സിനിമകൾ ചെയ്യുന്നത് കൊണ്ട് താനൊരു പീരിയഡ് സ്റ്റാർ അല്ലെങ്കിൽ റെട്രോ സ്റ്റാർ ആയി മാറിയിരിക്കുകയാണെന്ന് നടൻ ദുൽഖർ സൽമാൻ. 90-കളിൽ നടക്കുന്ന കഥയാണ് ലക്കി ഭാസ്കർ. അത് കഴിഞ്ഞു അടുത്തതായി ചെയ്യുന്ന കാന്തയും ഒരു പീരിയഡ് സിനിമയാണ്. പ്രൊമോഷന്റെ സമയത്ത് മാത്രമാണ് താൻ ഇപ്പോൾ മോഡേൺ വസ്ത്രങ്ങൾ ധരിക്കുന്നതെന്നും ലക്കി ഭാസ്കറിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ദുൽഖർ പറഞ്ഞു.
'ഇപ്പോൾ ഞാൻ സ്ഥിരം പീരിയഡ് സിനിമകളാണ് ചെയ്യുന്നത്. ലക്കി ഭാസ്കറിന് ശേഷമുള്ള കാന്തയും ഒരു പീരിയഡ് സിനിമയാണ്. കാന്തക്ക് ശേഷം ഞാൻ ഒരു ബ്രേക്ക് എടുക്കും. ഞാൻ ഒരു പീരിയഡ് സ്റ്റാർ അല്ലെങ്കിൽ റെട്രോ സ്റ്റാർ ആയി മാറിക്കൊണ്ടിരിക്കുകയാണ്', ദുൽഖർ പറഞ്ഞു.
ഞാൻ ലക്കി ഭാസ്കറിന് മുൻപ് ചെയ്ത ധനുഷ് ചിത്രം വാത്തിയിൽ 1999-2000 കാലത്തായിരുന്നു കഥ നടന്നത്. ലക്കി ഭാസ്കർ അതിലും പത്ത് വർഷം പിന്നോട്ടാണ് പോകുന്നത്. ദുൽഖർ ആദ്യമായി ചെയ്ത മഹാനടി അറുപതികളിലായിരുന്നു സെറ്റ് ചെയ്തത്. അങ്ങനെ എല്ലാ കാലത്തേക്കും ദുൽഖർ സഞ്ചരിക്കുന്നുണ്ടെന്നും ചിത്രത്തിന്റെ സംവിധായകൻ വെങ്കി അട്ളൂരി പറഞ്ഞു.
മഗധ ബാങ്കിൽ ജോലി ചെയ്യുന്ന ഒരു കാഷ്യറായാണ് ലക്കി ഭാസ്കറിൽ ദുൽഖർ സൽമാൻ എത്തുന്നത്. 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഒരു കാഷ്യർ കടന്നുപോവുന്ന പ്രതിസന്ധികളാണ് സിനിമയുടെ ഇതിവൃത്തം. ഫോര്ച്യൂണ് ഫയര് സിനിമാസിന്റെ ബാനറിൽ സിതാര എന്റെര്റ്റൈന്മെന്റ്സും നാഗ വംശി, സായി സൗജന്യാ എന്നിവരും ചേര്ന്നാണ് ചിത്രം നിർമിക്കുന്നത്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തുന്നത്.
തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ 4 ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ്. ചിത്രം ഒക്ടോബർ 31 ന് റിലീസ് ചെയ്യും. കേരളത്തില് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത് ദുല്ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറര് ഫിലിംസ് ആണ്. ദുൽഖറിന്റേതായി മുൻപ് പുറത്തു വന്ന തെലുങ്ക് ചിത്രം 'സീത രാമം' വലിയ വിജയമായിരുന്നു.
Content Highlights: I have now became a retro star after doing many period films says dulquer salmaan