ഇന്ത്യൻ സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു ശ്രദ്ധ കപൂർ കേന്ദ്ര കഥാപാത്രമായെത്തിയ സ്ത്രീ 2. ബോളിവുഡിനെ വിറപ്പിച്ച ഹൊറർ ആക്ഷൻ കോമഡി ചിത്രം ബോക്സ് ഓഫീസിൽ ആയിരം കോടിക്കടുത്താണ് കളക്ഷൻ സ്വന്തമാക്കിയിരുന്നത്. ഇപ്പോഴിതാ സ്ത്രീ 2 ഒടിടിയിൽ എത്തിയിരിക്കുകയാണ്. പ്രൈം വീഡിയോയിലൂടെയാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
ആഭ്യന്തര ബോക്സോഫീസിൽ നിന്ന് 600 കോടി നേടുന്ന ആദ്യ ഹിന്ദി ചിത്രം എന്ന ഖ്യാതി 'സ്ത്രീ 2' സ്വന്തമാക്കിയിരുന്നു. ആഗോളതലത്തിൽ 800 കോടി ക്ലബ്ബിലും 'സത്രീ 2' ഇടം നേടി. മഡോക്ക് ഫിലിംസിന്റെ ഹൊറർ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ് സ്ത്രീ 2. സ്ത്രീ, ഭേടിയാ, മുഞ്ജ്യ എന്നിവയാണ് മറ്റു സിനിമകൾ. രാജ്കുമാർ റാവുവിനും, ശ്രദ്ധ കപൂറിനും പുറമെ അപർശക്തി ഖുറാന, പങ്കജ് ത്രിപാട്ടി, അഭിഷേക് ബാനർജി എന്നിവരാണ് 'സ്ത്രീ 2' വിലെ മറ്റു പ്രധാന അഭിനേതാക്കൾ. 2018ൽ എത്തിയ ഹൊറർ ചിത്രം 'സ്ത്രീ'യുടെ തുടർച്ച കൂടിയാണ് ചിത്രം.
അമർ കൗശിക് സംവിധാനം ചെയ്ത 'സ്ത്രീ 2' സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. സിനിമയിലെ അക്ഷയ് കുമാറിൻ്റെ സ്പെഷ്യൽ അപ്പിയറൻസും ശ്രദ്ധിക്കപ്പെട്ടിരുന്നു. നടൻ വരുൺ ധവാനും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
Content Highlights: Bollywood blockbuster Stree 2 now streaming on Prime Video