തമിഴ് നടൻ ആര്യയുടെ പുതിയ ചിത്രത്തിനെതിരെ പരാതിയുമായി ഒരു കൂട്ടം ജൂനിയർ ആർട്ടിസ്റ്റുകൾ. ആര്യ അഭിനയിക്കുന്ന പേരിടാത്ത പുതിയ ചിത്രത്തിൽ അഭിനയിച്ചതിന് ജൂനിയർ ആർടിസ്റ്റുകൾക്ക് പ്രതിഫലം നൽകിയില്ലെന്നാണ് പരാതി.
സംഭവത്തിൽ പൊലീസിനെ സമീപിച്ച ജൂനിയർ ആർട്ടിസ്റ്റുകൾക്ക് പണം നൽകാമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ആര്യയെ നായകനാക്കി ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനെതിരെയായിരുന്നു പരാതി ഉയർന്നത്. മധുരയിലാണ് ചിത്രത്തിന്റെ നിലവിലെ ചിത്രീകരണം നടക്കുന്നത്.
ചിത്രത്തിൽ ഗ്രാമത്തിൽ നടക്കുന്ന ഉത്സവരംഗത്തിൽ അഭിനയിക്കുന്നതിന് മധുരയിൽ തന്നെയുള്ള ജൂനിയർ ആർടിസ്റ്റുകൾ എത്തിയിരുന്നു. എന്നാൽ ചിത്രീകരണത്തിൽ പങ്കെടുത്ത ജൂനിയർ ആർട്ടിസ്റ്റുകൾക്ക് പ്രതിഫലം ലഭിച്ചില്ലെന്നാരോപിച്ച് ഒരു സംഘം ജൂനിയർ ആർടിസ്റ്റുകൾ മാധ്യമങ്ങളെയും പൊലീസിനെയും സമീപിക്കുകയായിരുന്നു.
തുടർന്ന് പൊലീസിന്റെ മധ്യസ്ഥതയിൽ പ്രശ്നപരിഹാരത്തിനായി ചർച്ച നടക്കുകയും പണം വാങ്ങിയ ശേഷം പരാതി പിൻവലിക്കുകയുമായിരുന്നെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സർപ്പട്ട പരമ്പരൈ 2, മനു ആനന്ദ് സംവിധാനം ചെയ്യുന്ന മിസ്റ്റർ എക്സ് എന്നിവയാണ് ആര്യയുടെതായി അണിയറയിൽ ഒരുങ്ങുന്ന മറ്റു ചിത്രങ്ങൾ. ഇതിൽ മിസ്റ്റർ എക്സ് ആദ്യം തിയേറ്ററുകളിൽ എത്തും.