എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരവ്; കാംദാർ റോഡ് ഇനി എസ്‌ പി ബിയുടെ പേരിൽ അറിയപ്പെടും

എസ്‌ പി ബിയുടെ ഓർമ ദിനത്തിലാണ് എംകെ സ്റ്റാലിന്റെ പ്രഖ്യാപനം

ചെന്നൈ: ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സ്മരണാർത്ഥം ചെന്നൈയിലെ കാംദാർ റോഡിന് അദ്ദേഹത്തിൻ്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. എസ് പി ബിയുടെ കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് നാമകരണം. നുങ്കം പാക്കത്ത് എസ്‌ പി ബാലസുബ്രഹ്മണ്യത്തിന്റെ വീട് സ്ഥിതി ചെയ്യുന്നത് കാംദാർ റോഡിലാണ്. എസ്‌ പി ബിയുടെ ഓർമ ദിനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

2020 സെപ്റ്റംബർ 25നായിരുന്നു സം​ഗീത ലോകത്തെ കണ്ണീരിലാഴ്ത്തി എസ് പി ബി എന്ന എസ് പി ബാലസുബ്രഹ്മണ്യം വിടപറഞ്ഞത്. കൊവിഡ് ബാധിതനായി ചികിത്സയിൽ കഴിയവെയാണ് അദ്ദേഹം അന്തരിച്ചത്.

ആന്ധ്രായിലെ നെല്ലൂരിനടുത്തുള്ള കൊനോട്ടം പേട്ടയെന്ന ഗ്രാമത്തിൽ ഒരു ബ്രാഹ്മണ കുടുംബത്തില്‍ 1946 ജൂൺ നാലിനാണ് എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ജനനം. രണ്ട് സഹോദരന്മാരും അഞ്ച് സഹോദരന്മാരുമാണ് അദ്ദേഹത്തിനുള്ളത്. ഗായിക എസ് പി ശൈലജ സഹോദരിയാണ്. സാവിത്രിയാണ് അദ്ദേഹത്തിന്‍റെ ഭാര്യ. പല്ലവി, എസ്.പി.ബി ചരൺ എന്നിവരാണ് മക്കള്‍.

To advertise here,contact us