'എല്ലാ സിനിമാപ്രേമികളും നിർബന്ധമായി കാണേണ്ട സിനിമ'; കിഷ്കിന്ധാ കാണ്ഡം ഒരു മാസ്റ്റർപീസെന്ന് 'ഹോം' സംവിധായകൻ

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ റോജിൻ സിനിമയെ പ്രകീർത്തിച്ചത്

ആസിഫ് അലി നായകനായെത്തിയ ചിത്രം കിഷ്കിന്ധാ കാണ്ഡത്തെ പ്രശംസിച്ച് 'ഹോം' സിനിമയുടെ സംവിധായകൻ റോജിൻ തോമസ്.തിരക്കഥ, സംവിധാനം, കഥാപാത്രങ്ങളുടെ പ്രകടനങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും ചിത്രം മികവ് പുലർത്തിയതായി റോജിൻ അഭിപ്രായപ്പെട്ടു. ഈ ചിത്രം സിനിമാപ്രേമികൾ നിർബന്ധമായി കണ്ടിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ റോജിൻ സിനിയമയെ പ്രകീർത്തിച്ചത്.

'യഥാർത്ഥ മാസ്റ്റർപീസ്! കുറ്റമറ്റ സാങ്കേതിക നിർവ്വഹണം, ഉജ്ജ്വലമായ പ്രകടനങ്ങൾ, മികച്ച സംവിധാനവും എഴുത്തും എന്നിങ്ങനെ ഈ സിനിമ എല്ലാ തലത്തിലും മികച്ചു നൽകുന്നു. എല്ലാ സിനിമാപ്രേമികളും നിർബന്ധമായും കാണേണ്ട സിനിമയാണിത്,' എന്ന് റോജിൻ തോമസ് കുറിച്ചു.

അനൂപ് മേനോൻ, സത്യൻ അന്തിക്കാട്, 'ആട്ടം' സിനിമയുടെ സംവിധായകൻ ആനന്ദ് ഏക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ർഷി തുടങ്ങി നിരവധി പേര്‍ സിനിമയെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. തിരക്കഥ, സംവിധാനം, ഛായാഗ്രഹണം എന്നിങ്ങനെ സർവ മേഖലകളിലും മികവ് പുലർത്തിയ സിനിമയാണ് കിഷ്കിന്ധാ കാണ്ഡം എന്നും ഈ ചിത്രത്തിലൂടെ ഏറ്റവും അധികം ബോക്സ്ഓഫീസ് ഗ്യാരന്റിയുള്ള നടനായി ആസിഫ് അലി മാറിയെന്നുമാണ് അനൂപ് മേനോൻ പറഞ്ഞത്.

'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത സിനിമയാണ് കിഷ്കിന്ധാ കാണ്ഡം. ഫാമിലി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും ക്യാമറ കൈകാര്യം ചെയ്തതും ബാഹുൽ രമേശാണ്.

To advertise here,contact us