'ഞാന്‍ ഫഹദ് ഫാസില്‍, ചെറിയൊരു നടനാണേ….'; ഞെട്ടിച്ച മെസേജിനെ കുറിച്ച് 'കില്‍' താരം രാഘവ്

അഭിനയിക്കുകയാണ് എന്ന് ആളുകള്‍ക്ക് തോന്നാത്തതാണ് അഭിനയം എന്ന് ഫഹദ് ഭായി കാണിച്ചുതരികയാണ്

സമീപ കാലത്ത് കേരളത്തിലടക്കം തിയേറ്ററുകള്‍ ഹൗസ്ഫുള്ളാക്കിയ ബോളിവുഡ് ചിത്രമായിരുന്നു കില്‍. മുഴുനീള ആക്ഷന്‍ സിനിമയായ കില്ലില്‍ നടനും ഡാന്‍സറുമായ രാഘവ് ജുയല്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം ഏറെ അഭിനന്ദനങ്ങള്‍ വാരിക്കൂട്ടിയിരുന്നു. സ്റ്റാന്‍ഡ് അപ്പ് കോമഡിയ്ക്ക് തുല്യമായ അവതരണശൈലിയോടെ ടെലിവിഷന്‍ ഷോകളില്‍ തിളങ്ങിയിരുന്ന രാഘവിന്റെ കില്ലിലെ വേഷവും വയലന്റ് ആക്ഷന്‍ പ്രകടനങ്ങളും ഏവരെയും അത്ഭുതപ്പെടുത്തുക കൂടി ചെയ്തിരുന്നു.

ചിത്രത്തിന് പിന്നാലെ തന്നെ തേടിയെത്തിയ അഭിനന്ദനങ്ങളെയും ആശംസകളെയും കുറിച്ച് നടന്‍ വിവിധ അഭിമുഖങ്ങളില്‍ സംസാരിച്ചിരുന്നു. ഇക്കൂട്ടത്തില്‍ ഒരു ഹിന്ദി യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ ഫഹദ് ഫാസിലിനെ കുറിച്ച് രാഘവ് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. പ്രശ്‌സത അവതാരക ഭാരതിയുടെ യൂട്യൂബ് ചാനലായ ഭാരതി ടിവിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഫാസില്‍ തനിക്ക് മേസേജ് അയച്ചതിനെ കുറിച്ച് രാഘവ് പറയുന്നത്.

ഫഹദ് ഫാസില്‍ അതിഗംഭീരമായ പ്രകടനം നടത്തുന്ന നടനാണെന്നും അദ്ദേഹം എല്ലാവര്‍ക്കും പ്രചോദനമാണെന്നും രാഘവ് ജുയല്‍ പറഞ്ഞു. ചെറിയൊരു നടനാണ് എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് ഫഹദ് മെസേജ് അയച്ചതെന്നും അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും രാഘവ് പറയുന്നു.

'ഞാന്‍ ഫഹദ് ഫാസില്‍, ചെറിയൊരു ആക്ടറാണ്, കില്‍ കണ്ടു. ഗംഭീരമായിട്ടുണ്ട്…എന്നായിരുന്നു അദ്ദേഹത്തിന്റെ മെസേജ്. എങ്ങനെയാണ് അദ്ദേഹം 'ചെറിയൊരു ആക്ടറാണ്' എന്നൊക്കെ പറയുന്നതെന്ന് ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഞാനും പിന്നെ അതിനുശേഷം സ്വയം 'ചെറിയൊരു ആക്ടറാണ്' എന്ന് പറഞ്ഞാണ് ആളുകളെ പരിചയപ്പെടുന്നത്. ഫഹദ് ഭായി പറഞ്ഞതല്ലേ, എന്തെങ്കിലും കാര്യം കാണുമല്ലോ.

അഭിനയിക്കുകയാണ് എന്ന് ആളുകള്‍ക്ക് തോന്നാത്തതാണ് അഭിനയം എന്ന് ഫഹദ് ഭായി കാണിച്ചുതരികയാണ്. എഴുതിവെച്ച ഡയലോഗ് പറയുകയാണെന്ന് ഒരിക്കലും തോന്നില്ല. കഥാപാത്രങ്ങളും പ്രകടനവും ഉള്ളില്‍ നിന്ന് വരുന്നത് പോലെയാണ് അദ്ദേഹം അഭിനയിക്കുന്നത്,' രാഘവ് ജുയല്‍ പറയുന്നു.

ആവേശം സിനിമയെ കുറിച്ചും അഭിമുഖത്തില്‍ രാഘവ് സംസാരിക്കുന്നുണ്ട്. ഒരു മാസം മുന്‍പ് വന്ന അഭിമുഖത്തിലെ ഈ ഭാഗം ഇപ്പോള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിറഞ്ഞിരിക്കുകയാണ്.

To advertise here,contact us