99 രൂപക്ക് സിനിമ കാണണോ ? വേഗം തൊട്ടടുത്തുള്ള തിയേറ്ററിലേക്ക് വിട്ടോ

പ്രേക്ഷകർക്ക് തിയേറ്ററിൽ നിന്ന് നേരിട്ടോ ബുക്കിംഗ് സൈറ്റുകളിലൂടെയോ ഈ ഓഫർ ലഭ്യമാക്കാവുന്നതാണ്.

നിങ്ങൾ ഒരു സിനിമാപ്രേമിയാണോ? തിയേറ്ററിൽ പോയി സിനിമ കാണാറുള്ളവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കായിതാ ഒരു വമ്പൻ ഓഫറുമായി എത്തിയിരിക്കുകയാണ് മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ. ദേശീയ സിനിമാ ദിനവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 20ന് ഇന്ത്യയൊട്ടാകെയുള്ള നാലായിരത്തോളം സ്‌ക്രീനുകളിൽ സെലക്ട് ചെയ്യപ്പെട്ട സിനിമകൾ 99 രൂപക്ക് കാണാനുള്ള അവസരമാണ് പ്രേക്ഷകർക്കായി മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഒരുക്കിയിരിക്കുന്നത്. കേരളത്തിലും ഈ ഓഫർ ലഭ്യമാണ്.

മലയാള ചിത്രങ്ങളായ കൊണ്ടൽ, ബാഡ് ബോയ്‌സ്, കുട്ടൻ്റെ ഷിനിഗാമി, നുണക്കുഴി, വാഴ, മണിച്ചിത്രത്താഴ് എന്നീ സിനിമകൾക്കാണ് ഈ ഓഫർ ലഭ്യമാകുക. യുദ്ര, നെവർ ലെറ്റ് ഗോ, ജബ് വീ മെറ്റ്, ദി ഗോട്ട്, തുമ്പാട്, സ്ത്രീ 2, കടൈസി ഉലക പോർ, കഹാ ഷുരൂ കഹാ കഥം, ഡാൻസിങ് വില്ലജ് എന്നീ അന്യഭാഷാ സിനിമകൾക്കും ഈ ഓഫർ ബാധകമാണ്. പ്രേക്ഷകർക്ക് തിയേറ്ററിൽ നിന്ന് നേരിട്ടോ ബുക്കിംഗ് സൈറ്റുകളിലൂടെയോ ഈ ഓഫർ ലഭ്യമാക്കാവുന്നതാണ്.

കേരളത്തിന് പുറത്ത് മലയാള ചിത്രങ്ങളായ അജയന്റെ രണ്ടാം മോഷണം, കിഷ്കിന്ധാ കാണ്ഡം തുടങ്ങിയ സിനിമകൾ പ്രേക്ഷകർക്ക് 99 രൂപക്ക് ആസ്വദിക്കാം. ഐമാക്സ്, 4 ഡിഎക്സ്, 3D, റിക്ലൈനർ തുടങ്ങിയ പ്രീമിയം ഫോർമാറ്റ് സ്‌ക്രീനുകളിൽ ഈ ഓഫർ ലഭ്യമാകുന്നതല്ല. ദേശീയ സിനിമാ ദിനത്തിൻ്റെ മൂന്നാം പതിപ്പാണിത്, മുൻ രണ്ട് പതിപ്പുകളിലും 6 ദശലക്ഷത്തിലധികം പ്രേക്ഷകർ ഈ ഓഫറിന്റെ ഭാഗമായി തിയേറ്ററിലേക്ക് എത്തിയിരുന്നു. കോവിഡ്-19 ന് ശേഷം തിയേറ്ററുകൾ തുറന്നതിൻ്റെ ഭാഗമായി വീണ്ടും പ്രേക്ഷകരെ തിരികെയെത്തിക്കാൻ 2022-ലാണ് ആദ്യത്തെ ദേശീയ സിനിമാ ദിനം ആചരിച്ചത്.

To advertise here,contact us