
ഓണത്തിന് റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒന്നായിരുന്നു കൊണ്ടൽ. ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത കൊണ്ടൽ സിനിമയുടെ ഭൂരിഭാഗവും കടലിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.
കൊണ്ടലിലെ രംഗങ്ങൾ ചിത്രീകരിക്കുന്നതിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിലെ നായകനായ ആന്റണി വർഗീസ്. 'കൊണ്ടൽ ഡേയ്സ്' എന്ന കുറിപ്പോടെയാണ് ആന്റണി സോഷ്യൽ മീഡിയയിൽ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ഈ ചിത്രത്തിന്റെ 80 ശതമാനവും കടലിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കടലിനുള്ളിൽ ബോട്ടിൽ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ബോട്ടിനുള്ളിലെ ചിത്രീകരണത്തിന്റെ ദൃശ്യങ്ങൾ മേക്കിങ് വീഡിയോയിൽ കാണാൻ സാധിക്കും.
ബോക്സോഫിസിൽ മികച്ച പ്രകടനം കാണിക്കുന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളും എത്തുന്നുണ്ട്. ആന്റണി വർഗീസിനൊപ്പം രാജ് ബി ഷെട്ടി, ഷബീർ കല്ലറക്കൽ, രാഹുൽ രാജഗോപാൽ, നന്ദു, ശരത് സഭ, ഗൗതമി നായർ, അഭിരാം, മണികണ്ഠൻ ആചാരി, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംവിധായകൻ അജിത് മാമ്പള്ളിക്കൊപ്പം റോയലിൻ റോബർട്ട്, സതീഷ് തോന്നയ്ക്കൽ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. സാം സി എസ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. കാമറ ദീപക് ഡി മേനോൻ.