'നരേന്ദ്ര മോദി ഷാരൂഖ് ഖാനെപ്പോലെ'; ആരാധന തുറന്ന് പറഞ്ഞ് രൺബീർ കപൂർ

പ്രധാനമന്ത്രിക്ക് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലെങ്കിലും അദ്ദേഹമത് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആരാധനയും സ്നേഹവും പങ്കുവെച്ച് ബോളിവുഡ് നടൻ രൺബീർ കപൂർ. ഷാരൂഖ് ഖാനുമായിട്ടാണ് മോദിയെ രൺബീർ താരതമ്യപ്പെടുത്തിയത്. രാഷ്ട്രീയത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു രൺബീറിന്‍റെ മറുപടി. അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നില്ലെങ്കിലും പ്രധാനമന്ത്രി മോദിയെ താൻ വളരെയധികം ആരാധിക്കുന്നു എന്നാണ് രണ്‍ബീര്‍ പറഞ്ഞത്. നിഖിൽ കാമത്തിന്റെ പോഡ്കാസ്റ്റ് ഷോയിൽ ആയിരുന്നു താരത്തിന്റെ ഈ വെളിപ്പെടുത്തൽ.

നാലു വർഷം മുൻപ് ബോളിവുഡ് താരങ്ങളും സംവിധായകരും ചേർന്ന് പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. ഈ ചടങ്ങിൽ വെച്ചുണ്ടായ ഒരനുഭവം ഓർത്തെടുത്തുകൊണ്ടാണ് നരേന്ദ്ര മോദിയോടുള്ള തന്റെ ആരാധനയെക്കുറിച്ച് രൺബീർ കപൂർ പറഞ്ഞത്.

'നിങ്ങളദ്ദേഹത്തെ ടിവിയിൽ കണ്ടിട്ടുണ്ടാവും. സംസാരിക്കുന്നതും കണ്ടിട്ടിരിക്കും. വലിയ ഒരു പ്രാസംഗികനാണ് അദ്ദേഹം. ആരെയും കാന്തംപോലെ ആകർഷിക്കുന്ന വ്യക്തിത്വമാണ് പ്രധാനമന്ത്രിക്ക്. അദ്ദേഹം ‍ഞങ്ങൾ ഓരോരുത്തരുടേയും അടുത്തുവന്ന് പ്രത്യേകം സംസാരിച്ചു. വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. എന്റെ അച്ഛൻ ആ സമയത്ത് ചികിത്സയ്ക്കായി പോകുന്ന സമയമായിരുന്നു. അച്ഛന്റെ ആരോ​ഗ്യത്തേയും ചികിത്സയേയുംകുറിച്ച് പ്രധാനമന്ത്രി എടുത്തുചോദിച്ചു. ആലിയയോട് വേറെന്തോ ആണ് ചോദിച്ചത്. വിക്കി കൗശലിനോടും കരൺ ജോഹറിനോടുമെല്ലാം ഇങ്ങനെ തന്നെയായിരുന്നു അദ്ദേഹം പെരുമാറിയത്' എന്നാണ് രൺബീർ പറയുന്നത്.

To advertise here,contact us