'കൽക്കി 2898 എഡി' നേടിയത് 1110 കോടി; ഔദ്യോഗിക പ്രഖ്യാപനവുമായി വൈജയന്തി മൂവീസ്

സിനിമയുടെ നിർമ്മാതാക്കളായ വൈജയന്തി മൂവീസാണ് കളക്ഷൻ പുറത്തുവിട്ടത്

ഷാരൂഖ് ഖാന്റെ കഴിഞ്ഞ വർഷത്തെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'പഠാന്റെ' ആഗോള കളക്ഷനെ പഴയ റെക്കോർഡാക്കിക്കൊണ്ട് 'കൽക്കി 2898 എ ഡി' മുന്നിൽ. നാഗ് അശ്വിന്റെ സംവിധാനത്തിൽ പ്രഭാസ് ഭൈരവ/ കർണൻ എന്ന പ്രധാന കഥാപാത്രമായെത്തിയ കൽക്കിയുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട് പുറത്ത് വരുമ്പോൾ ചിത്രം 1100 കോടിയില്‍ അധികം നേടിയിരിക്കുകയാണ്. ഇതോടെ ചിത്രം ബ്ലോക്ക്ബസ്റ്റർ പട്ടികയിലിടം നേടിയിട്ടുമുണ്ട്. സിനിമയുടെ നിർമ്മാതാക്കളായ വൈജയന്തി മൂവീസാണ് കളക്ഷൻ പുറത്തുവിട്ടത്.

https://www.instagram.com/p/C91k4RhxQvJ/?utm_source=ig_web_copy_link

ജൂൺ 27-ന് റിലീസ് ചെയ്ത ചിത്രം അഞ്ചാമത്തെ ആഴ്ച്ചയും വിജയകരമായി പ്രദർശനം തുടരുകയാണ്. കളക്ഷനിൽ മികച്ച തുടക്കം കുറിച്ച ചിത്രം തുടർന്നുള്ള ദിവസങ്ങളും റെക്കോർഡ് മുന്നേറ്റമാണ് നടത്തിയത്. റിലീസ് ചെയ്ത് വെറും ഇരുപത്തിയെട്ട് ദിവസങ്ങൾക്കുള്ളിൽ, തെലുങ്കിൽ വിസ്മയം തീർത്തുകൊണ്ടാണ് ആഗോളതലത്തിൽ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. സിനിമയുടെ സ്ഥാനം തെലുങ്കിൽ മൂന്നാമത്തേതും ദക്ഷിണേന്ത്യയിൽ നാലാമത്തേതുമാണ്.

ബാഹുബലി 2: ദ കൺക്ലൂഷൻ, കെജിഎഫ് ചാപ്റ്റർ 2, ആർ ആർ ആർ, ജവാൻ എന്നീ ബ്രഹ്മാണ്ഡ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളെ അപേക്ഷിച്ച് വലിയ ബജറ്റിലൊരുങ്ങിയ സിനിമയാണ് കൽക്കി. ഇതിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ ബാഹുബലി 2: ദ കൺക്ലൂഷൻ 1416.9 കോടിയും കെജിഎഫ് ചാപ്റ്റർ 2 1000.85 കോടിയും ആർ ആർ ആർ 915.85 കോടിയും ജവാൻ 760 കോടിയും കൽക്കി 739 കോടിയുമാണ് നേടിയിരിക്കുന്നത്.

ഇന്ത്യൻ മിത്തോളജിയായ മഹാഭാരതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി'. 'കാശി, 'കോംപ്ലക്സ്', 'ശംഭാല' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്.

To advertise here,contact us