'അശ്ലീല കാഴ്ചകള്‍ പരസ്യമായി കാണിക്കുന്നു'; ബിഗ് ബോസ് ഒടിടി 3ക്കെതിരെ ശിവസേന ഏക്നാഥ് ഷിന്‍ഡെ വിഭാഗം

'അഭിനേതാക്കളെയും ഷോയുടെ സിഇഒയെയും അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്'

മുംബൈ: ജിയോ സിനിമയില്‍ സ്ട്രീം ചെയ്യുന്ന ബിഗ് ബോസ് ഒടിടി 3 റിയാലിറ്റി ഷോയ്ക്കെതിരെ പരാതിയുമായി ശിവസേന ഏക്നാഥ് ഷിന്‍ഡെ വിഭാഗം. ഷോയിലൂടെ പരസ്യമായി അശ്ലീലം കാണിക്കുന്നുവെന്നും ഷോ ഉടൻ നിർത്തിവെക്കുകയും ബിഗ് ബോസ് ഒടിടി 3-യുടെ അണിയറപ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ശിവസേന എംഎൽഎ മനീഷ കയാണ്ഡെ മുംബൈ പോലീസില്‍ പരാതി നല്‍കി.

'ബിഗ് ബോസ് 3 ഒരു റിയാലിറ്റി ഷോയാണ്. ഷൂട്ടിംഗ് നടക്കുകയാണ്. ഷോയിൽ അശ്ലീലതയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഷോയിൽ അശ്ലീലതയുടെ എല്ലാ പരിധികളും മറികടന്നിരിക്കുന്നു. അതിനാൽ ഞങ്ങൾ മുംബൈ പൊലീസിനോട് നടപടിയെടുക്കാൻ അഭ്യർത്ഥിക്കുകയും അവർക്ക് പരാതി നൽകുകയും ചെയ്തു. റിയാലിറ്റി ഷോകളുടെ പേരിലുള്ള ഈ അശ്ലീലം പരസ്യമായി കാണിക്കുന്നത് എത്രത്തോളം ശരിയാണ്. അത് യുവമനസ്സുകളെ എങ്ങനെ സ്വാധീനിക്കും?,' മനീഷ കയാണ്ഡെ പരാതിയിൽ ചോദിക്കുന്നു.

ജൂലൈ 18ന് സംപ്രേഷണം ചെയ്ത എപ്പിസോഡിൽ മത്സരാര്‍ത്ഥികളായ കൃതിക മാലിക്കിന്‍റെയും അർമാൻ മാലിക്കിന്‍റെയും കിടപ്പറ രംഗങ്ങള്‍ കാണിച്ചുവെന്നും ശിവസേന എംഎല്‍എ പറഞ്ഞു. 'കുട്ടികൾ പോലും കാണുന്ന ഷോയാണിത്. ഇത്തരം രംഗങ്ങൾ അവരെ സ്വാധീനിക്കും. ബിഗ് ബോസ് ഇനി ഒരു ഫാമിലി ഷോ അല്ല. അർമാൻ മാലിക്കും കൃതിക മാലിക്കും എല്ലാ പരിധികളും ലംഘിച്ചു. അഭിനേതാക്കളെയും ഷോയുടെ സിഇഒയെയും അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്,' എന്നും മനീഷ കയാണ്ഡെ പറഞ്ഞു. ഒടിടി ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള നിയമത്തിനായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെ സമീപിക്കാനുള്ള പദ്ധതിയുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

To advertise here,contact us