'ഇത് ചെയ്തവനെ ഞാന്‍ പൂട്ടും മണിച്ചിത്ര പൂട്ടിട്ട് പൂട്ടും'; 4കെ ദൃശ്യമികവോടെ മണിച്ചിത്രത്താഴ് ടീസർ

ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഫോർ കെ അറ്റ്‌മോസില്‍ ആണ് മണിച്ചിത്രത്താഴ് വീണ്ടും എത്തുന്നത്

മലയാളത്തിൻ്റെ ക്ലാസിക്ക് 'മണിച്ചിത്രത്താഴി'ന്റെ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകർ. ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറണാണ് റിലീസ് ചെയ്തിരിക്കുന്നത്. പ്രേക്ഷകർ പലതവണ കണ്ട് ആസ്വദിച്ച ചിത്രം ഓ​ഗസ്റ്റ് 17 ന് റീ റിലീസിനെത്തുമ്പോൾ ഏറ്റവും മികച്ച ദൃശ്യ വിരുന്നാണ് നിർമ്മാതാക്കൾ ഉറപ്പു വരുത്തുന്നത്. പഴയകഥകള്‍ പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ടീസ‍റിൽ വിലക്കപ്പെട്ട മുറിയെ കുറിച്ചും തെക്കിനിയെ കുറിച്ചുമെല്ലാം കാണിക്കുന്നുണ്ട്. ത്രില്ലർ മൂഡിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഫോർ കെ അറ്റ്മോസിൽ ആണ് മണിച്ചിത്രത്താഴ് വീണ്ടും എത്തുന്നത്. 1993ൽ ഫാസിലിന്റെ സംവിധാനത്തിലാണ് മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ​ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവർ കസറിയപ്പോൾ ​ഗം​ഗ, നാ​ഗവല്ലി എന്നീ കഥാപാത്രങ്ങളായി എത്തി ശോഭന പ്രകടനത്തിൽ അമ്പരപ്പിച്ചിരുന്നു.

മലയാളത്തിലെ വൻ ഹിറ്റിന് പിന്നാലെ മണിച്ചിത്രത്താഴ് ഇതര ഭാഷകളിൽ റീമേക്ക് ചെയ്തിരുന്നു. എന്നാൽ മലയാളത്തിലെ മണിച്ചിത്രത്താഴിനോളം ആ സിനിമകൾക്ക് ശോഭിക്കാൻ സാധിച്ചിരുന്നില്ല എന്നത് വാസ്തവമാണ്. മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററിലെത്തുന്നതിൽ വലിയ ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

To advertise here,contact us