അമരൻ ഉടനെത്തും; ശിവകാർത്തികേയൻ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

'രംഗൂൺ' എന്ന ചിത്രത്തിന് ശേഷം രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ഹൈ ആക്ഷൻ സിനിമയാണ് 'അമരൻ'

തമിഴ് സിനിമാ പ്രേമികളും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ശിവകാർത്തികേയൻ ചിത്രം 'അമര'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സിനിമയുടെ നിർമ്മാതാക്കളായ രാജ് കമൽ ഫിലിംസാണ് സമൂഹ മാധ്യമങ്ങളിലൂടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 31നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

ശിവകാർത്തികേയന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൽ കാണാം. നീണ്ട നാളത്തെ ആക്ഷൻ പരിശീലനം നടൻ ഈ ചിത്രത്തിനായി നടത്തിയിരുന്നു. മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് 'അമരൻ'. കശ്മീരിലെ ഒരു ഗ്രാമത്തിൽ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികനാണ് മേജര്‍ മുകുന്ദ് വരദരാജന്‍.

'രംഗൂൺ' എന്ന ചിത്രത്തിന് ശേഷം രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ഹൈ ആക്ഷൻ സിനിമയാണ് 'അമരൻ'. സോണി പിക്ചേര്‍സും ചിത്രത്തിന്‍റെ സഹ നിര്‍മ്മാതാക്കളാണ്. സായി പല്ലവിയാണ് ചിത്രത്തിലെ നായിക. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീതം.

അതേസമയം ശിവകാർത്തികേയൻ ഇപ്പോൾ എ ആർ മുരുഗദോസിനൊപ്പമുള്ള ചിത്രത്തിലാണ് അഭിനയിക്കുന്നത്. ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. മുമ്പ് 2014ൽ പുറത്തിറങ്ങിയ 'മാൻ കരാട്ടെ' എന്ന ശിവകാർത്തികേയൻ ചിത്രത്തിന്റെ നിർമ്മാതാവ് മുരുഗദോസ്സായിരുന്നു.

To advertise here,contact us