'കിംഗ്' ഖാന്റെ മെയിൻ വില്ലൻ അഭിഷേക് ബച്ചൻ, ഒപ്പം വേറെയും വില്ലന്മാർ; ചിത്രീകരണം ഉടൻ

അഭിഷേകിന് പുറമെ വേറെയും വില്ലന്മാരുണ്ടാകും

പത്താൻ, ജവാൻ, ഡങ്കി എന്നീ സിനിമകളുടെ വിജയങ്ങൾക്ക് ശേഷം ഷാരൂഖ് ഖാന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. മകൾ സുഹാനയും ഭാഗമാകുന്ന കിംഗ് എന്ന സിനിമയാണ് താരത്തിന്റേതായി അടുത്തതായി അണിയറയിൽ ഒരുങ്ങുന്നത്. വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമയിലെ വില്ലൻ കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള അപ്ഡേറ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഷാരൂഖ് ഖാൻ അധോലോക നായകനായെത്തുന്ന സിനിമയിൽ അഭിഷേക് ബച്ചനായിരിക്കും പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുക. അഭിഷേകിന് പുറമെ വേറെയും വില്ലന്മാരുണ്ടാകുമെന്നും ബോളിവുഡിലെ ശ്രദ്ധേയരായ നടന്മാരെ ഈ കഥാപാത്രങ്ങളിലേക്ക് അണിയറപ്രവർത്തകർ പരിഗണിക്കുന്നതാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.

കാസ്റ്റിങ് പൂർത്തിയാക്കിയ ശേഷം ഈ വർഷം നവംബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായിട്ടായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുക. സിനിമയുടെ അണിയറപ്രവർത്തകർ ലണ്ടനിൽ ലൊക്കേഷൻ ഹണ്ട്നടത്തിയതായാണ് സൂചന.

ചിത്രത്തിൽ അൽപ്പം ഗ്രേ ഷെയ്ഡിലായിരിക്കും ഷാരൂഖ് എത്തുക. സുജോയ് ഘോഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതാദ്യമായല്ല ഷാരൂഖും സുജോയ് ഘോഷും ഒന്നിക്കുന്നത്. സുജോയിയുടെ മുൻചിത്രമായ 'ബദ്‌ല'യിൽ ഒരു കാമിയോ വേഷത്തിൽ ഷാരൂഖ് എത്തിയിരുന്നു. അമിതാഭ് ബച്ചനും താപ്‍സിയുമായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസും സംവിധായകൻ സിദ്ധാർഥ് ആനന്ദിന്റെ മാര്‍ഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേർന്നാണ് കിംഗ് നിർമ്മിക്കുന്നത്. സിനിമ അടുത്ത വർഷം ആദ്യം റിലീസ് ചെയ്തേക്കുമെന്നും സൂചനകളുണ്ട്.

To advertise here,contact us