മനഃപൂര്‍വ്വം ആരേയും രമേശ് അണ്ണാച്ചി വേദനിപ്പിക്കില്ല, ആസിഫിനോട് സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നം: ശരത്

'ആസിഫിനോട് എനിക്ക് പറയാൻ ഒന്നേ ഒള്ളു "പോട്ടെടാ ചെക്കാ" വിട്ടുകള... വിഷമം ഉണ്ടായിട്ടുണ്ടെൽ നിന്റെയൊപ്പം ഞങ്ങൾ എല്ലാവരുമുണ്ട്'

നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന ആരോപണത്തിൽ സംഗീത സംവിധായകൻ രമേശ് നാരായണിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുകയാണ്. സംഭവത്തിൽ കല-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പ്രതികരണവുമായി രംഗത്തെത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ സംഭവത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംഗീത സംവിധായകൻ ശരത്.

'പുരസ്കാര ദാന ചടങ്ങുകളിൽ നമുക്ക് പുരസ്‌കാരം തരുന്ന ആൾ ഒരു പ്രതിനിധിയാണ്. അദ്ദേഹം അദ്ദേഹത്തിന്റെ മേഖലയിൽ തന്റെ കഴിവ് തെളിയിച്ച ആളുമായിരിക്കും. അപ്പോൾ പുരസ്കാര ജേതാവിന്റെ പ്രവർത്തി ഈ പുരസ്‌കാരം നൽകിയ കലാകാരന് വേദനിപ്പിച്ചുവെങ്കിൽ, അദ്ദേഹത്തെ വിളിച്ച് ഒരു ക്ഷമാപണം നടത്തിയാൽ തീരുന്ന പ്രശ്നമേയുള്ളു,' എന്ന് ശരത് പറഞ്ഞു.

'രമേശ്‌ അണ്ണാച്ചി എന്റെ ഹൃദയത്തോട് വളരെ അടുത്ത് നിൽക്കുന്ന ഒരു സംഗീതജ്ഞനാണ്, മനപൂർവം ആരെയും വേദനിപ്പിക്കുന്ന ആളല്ല അണ്ണാച്ചി. അദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ച അദ്ദേഹം ആസിഫിനെ വിളിച്ച് സംസാരിച്ചാൽ തീരുന്നതാണ്. ആസിഫ് എന്റെ കുഞ്ഞു അനുജൻ ആണ്. എവിടെ കണ്ടാലും ആ നിഷ്കളങ്കമായാ ചിരിയോടു കൂടി ശരത്തേട്ടാന്നും വിളിച്ച് ഓടിവന്ന് കെട്ടിപ്പിടിക്കുന്ന വെറും പാവം ചെക്കൻ. പൊതു സമൂഹത്തിന്റെ മുന്നിൽ അപമാനിതനാകുന്നത് ആർക്കും സഹിക്കാൻ പറ്റില്ല. അപ്പോൾ ആസിഫിനോട് എനിക്ക് പറയാൻ ഒന്നേ ഒള്ളു "പോട്ടെടാ ചെക്കാ" വിട്ടുകള... വിഷമം ഉണ്ടായിട്ടുണ്ടെൽ നിന്റെയൊപ്പം ഞങ്ങൾ എല്ലാവരുമുണ്ട്,' എന്നും ശരത് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

എം ടി വാസുദേവൻ നായരുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന 'മനോരഥങ്ങൾ' എന്ന ആന്തോളജിയുടെ ട്രെയ്‍ലർ ലോഞ്ചിനിടെയായിരുന്നു ആസിഫ് അലിയിൽനിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാതെ രമേശ് നാരായൺ അപമാനിച്ചത്. ചടങ്ങില്‍ പുരസ്കാരം നല്‍കാന്‍ നടന്‍ ആസിഫ് അലിയെയാണ് ക്ഷണിച്ചത്. ആസിഫ് അലി വരുകയും രമേഷ് നാരായണിന് പുരസ്കാരം നല്‍കുകയും ചെയ്തു. എന്നാൽ താല്‍പ്പര്യമില്ലാതെ, ആസിഫിന്‍റെ മുഖത്ത് പോലും നോക്കാതെ പുരസ്കാരം വാങ്ങി സംവിധായകൻ ജയരാജനെ വേദിയിൽ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്ത് പുരസ്കാരം രണ്ടാമതും ഏറ്റുവാങ്ങുകയാണ് ചെയ്തത്.

To advertise here,contact us