മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ 91-ാം ജന്മദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന 'മനോരഥങ്ങളു'ടെ ട്രെയ്ലർ ലോഞ്ചിൽ നടന്ന ഹൃദ്യമായ കഴ്ച്ചയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ട്രെയ്ലർ ലോഞ്ചിനൊപ്പം നടന്ന പിറന്നാൾ ആഘോഷത്തിൽ മമ്മൂട്ടിയുടെ കൈപിടിച്ച് കേക്ക് മുറിച്ച എംടി, കേക്ക് സ്വീകരിച്ച ശേഷം മമ്മൂട്ടിയുടെ തോളിലേക്ക് ചാഞ്ഞ് ആശ്ലേഷിക്കുകയായിരുന്നു. വളരെ സന്തോഷം നൽകുന്നതെന്നാണ് മലായളി പ്രേക്ഷക ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രതികരിച്ചത്.
ചില പ്രതികരണങ്ങൾ ഇങ്ങനെ; ഗുരു-ശിഷ്യ ബന്ധം, ഇത് സ്വപ്ന നിമിഷം, അപൂര്വ നിമിഷം, കൈ കൊടുത്ത ശേഷം തന്റെ ശിഷ്യന്റെ മാറത്ത് തല ചായിച്ചൊരു നിൽപ്പ്. ലൈഫിൽ അച്ചീവ് ചെയ്യുമ്പോൾ ഇതു പോലെ ആയിത്തീരണം. കാണുന്ന നമുക്കൊരു ഇമോഷണൽ മോമെന്റ്റ് തന്നെങ്കിൽ അദ്ദേഹത്തിന്, അത്രമേൽ എംടിയ്ക്ക് പ്രിയപ്പെട്ടവൻ..
എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവുള്ളയാളാണ് എം.ടിയെന്നും തന്നെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്നത് എം ടി വാസുദേവൻ നായർക്കുള്ളിലെ ചെറുപ്പമാണെന്നും കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ മമ്മൂട്ടി പറഞ്ഞു. ആന്തോളജി വിഭാഗത്തിൽ അപൂർവമായിട്ടേ സിനിമകൾ ഉണ്ടാകാറുള്ളൂ. ആരുടെ മുൻപിലും അഭിമാനത്തോടെ പറയാനാകുന്ന ആന്തോളജി ആയിരിക്കും 'മനോരഥങ്ങൾ' മലയാള ഭാഷയെ സംബന്ധിച്ചിടത്തോളം. എഴുത്തുകാരന്റെ മനോരഥത്തിൽ കയറിപ്പോകുന്ന കാഴ്ചകളാണ് നാം കാണുന്നത്. വ്യക്തിപരമായി എംടിയോട് അടുപ്പമുള്ളയാളാണ് ഞാൻ. എന്നെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്നത് എം.ടി വാസുദേവൻ നായർക്കുള്ളിലെ ചെറുപ്പമാണ്. സമകാലികം, രാഷ്ട്രീയം, സാഹിത്യം, സാമ്പത്തിക തുടങ്ങിയ എല്ലാകാര്യത്തിലും അറിവുള്ളയാളാണ് അദ്ദേഹം. ലോകത്തിലെ വിവിധ ഭാഷകളിലെ പുസ്തകങ്ങൾ അദ്ദേഹം വായിക്കാറുണ്ട്, മമ്മൂട്ടി പറഞ്ഞു.
രണ്ട് മിനിറ്റ് ദൈര്ഘ്യമുള്ള മനോരഥത്തിന്റെ ട്രെയ്ലറാണ് ഇന്നലെ പുറത്തിറക്കിയത്. എംടിയുടെ ഒന്പത് ചെറുകഥകളാണ് സിനിമ സഞ്ചയമാക്കിയിരിക്കുന്നത്. ട്രെയ്ലറിന്റെ ഇന്ട്രോയില് ഉലകനായകന് കമല് ഹാസനാണ് എത്തുന്നത്. സംവിധായകരായ പ്രിയദര്ശന്, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവന്, മഹേഷ് നാരായണന്, രഞ്ജിത്ത്, രതീഷ് അമ്പാട്ട് തുടങ്ങിയവരാണ് ചിത്രങ്ങളൊരുക്കുന്നത്. എം ടിയുടെ മകളും പ്രശസ്ത നർത്തകിയുമായ അശ്വതി ശ്രീകാന്തും ചലച്ചിത്ര സമാഹാരത്തിലെ സംവിധായികയാണ്. സീരീസിൽ രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദര്ശനാണ്.