ആവശ്യങ്ങൾ പരിഹരിക്കണം; ഫിയോക്കിന്റെ യോഗം ഇന്ന്

സിനിമകള് തിയേറ്ററില് റിലീസ് ചെയ്ത് വളരെ വേഗം ഒടിടി പ്ലാറ്റുഫോമുകൾക്ക് വിട്ടുകൊടുക്കുന്നതാണ് സമരത്തിന്റെ പ്രധാനകാരണമായി തിയേറ്റര് ഉടമകള് ചൂണ്ടിക്കാണിക്കുന്നത്

കൊച്ചി: തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗം ഇന്ന് കൊച്ചിയിൽ നടക്കും. നിർമ്മാതാക്കളുമായുള്ള തർക്കങ്ങളെ തുടർന്ന് വ്യാഴാഴ്ച മുതൽ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന് ഫിയോക്ക് പ്രഖ്യാപിച്ചിരുന്നു. സിനിമകള് തിയേറ്ററില് റിലീസ് ചെയ്ത് വളരെ വേഗം ഒടിടി പ്ലാറ്റുഫോമുകൾക്ക് വിട്ടുകൊടുക്കുന്നതാണ് സമരത്തിന്റെ പ്രധാനകാരണമായി തിയേറ്റര് ഉടമകള് ചൂണ്ടിക്കാണിക്കുന്നത്.

ഇത് കൂടാതെ ഷെയറിങ് രീതികളിൽ മാറ്റം വരുത്തണം, പബ്ലിസിറ്റി കോൺട്രിബ്യൂഷൻ, പേസ്റ്റിങ് ചാർജ് എന്നിവ പൂർണ്ണമായും നിർത്തലാക്കണം, വിപിഎഫ് ചാർജ് പ്രൊഡ്യൂസറോ ഡിസ്ട്രിബ്യൂട്ടറോ നൽകണം എന്നിവയും ഫിയോക്ക് മുന്നോട്ടു വച്ച പ്രധാന ആവശ്യങ്ങളിൽ പറയുന്നു. എന്നാൽ ഫിയോക്കിന്റെ ആവശ്യങ്ങൾ വിതരണക്കാർ തള്ളുകയായിരുന്നു.

22ന് മലയാള ചിത്രങ്ങൾ റിലീസ് ചെയ്യുമെന്ന് ഫിയോക്ക് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തരയോഗം വിളിച്ചിരിക്കുന്നത്. എന്നാൽ ബുധനാഴ്ചയ്ക്കുള്ളില് തങ്ങൾ ഉന്നയിച്ച വിഷയങ്ങളില് തീരുമാനമുണ്ടായില്ലെങ്കില് 22 മുതല് സമരം ആരംഭിക്കുമെന്നാണ് ഫിയോക്ക് അറിയിച്ചിരിക്കുന്നത്.

To advertise here,contact us