ഒൻപതു ദിവസത്തെ തിരച്ചിൽ; തമിഴ് സംവിധായകൻ വെട്രി ദുരൈസാമിയുടെ മൃതദേഹം കണ്ടെടുത്തു

ചെന്നൈ മുൻ മേയർ സൈദൈ ദുരൈസാമിയുടെ മകനാണ് ഇദ്ദേഹം

ഹിമാചൽപ്രദേശിലെ സത്ലജ് നദിയിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ തമിഴ് സംവിധായകൻ വെട്രി ദുരൈസാമിയുടെ (45) മൃതദേഹം കണ്ടെത്തി. ഒൻപതു ദിവസത്തെ തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച നദിയിൽനിന്ന് തന്നെയാണ് മൃതദേഹം കണ്ടെടുത്തത്. ചെന്നൈ മുൻ മേയർ സൈദൈ ദുരൈസാമിയുടെ മകനാണ് ഇദ്ദേഹം.

ഈ മാസം നാലിനാണ് വെട്രി ദുരൈസാമി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. കഷാംഗ് തീരദേശ ഹൈവേയിലൂടെ സഞ്ചരിക്കവെ കാർ സത്ലജ് നദിയിലേക്ക് മറിയുകയായിരുന്നു. അപകടത്തില് ഡ്രൈവറും മരിച്ചിരുന്നു. ഒപ്പമുണ്ടായ സുഹൃത്ത് തിരുപ്പൂർ സ്വദേശി ഗോപിനാഥിനെ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചു.

'ശവകുടീരത്തിൽ നീയുറങ്ങുമ്പോഴും ഇവിടെ നിൻ വാക്കുറങ്ങാതിരിക്കുന്നു'; ഓർമ്മകളില് ഒഎന്വി

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നടപടികൾ പൂർത്തിയായാൽ കുടുംബത്തിന് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.

സിനിമ സംവിധായകനായ വെട്രി ഒരു ഷൂട്ടിങ് സംഘത്തിനൊപ്പമാണ് ഹിമാചലിൽ എത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസും ദുരന്തനിവാരണ സേനയും ഉൾപ്പെടെയുള്ള സംഘം തിരച്ചിൽ നടത്തിയെങ്കിലും തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്താനായത്. 2021-ൽ വെട്രി സംവിധാനംചെയ്ത തമിഴ് ചിത്രമായ 'എൻട്രാവത് ഒരു നാൾ' അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

To advertise here,contact us