പോറ്റിയുടെ കഥ അറിയണ്ടേ?; 'ഭ്രമയുഗം' ട്രെയ്ലർ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

ഫെബ്രുവരി 10ന് അബുദബിയിലെ അൽ വഹ്ദ മാളിൽ വെച്ചാണ് ഭ്രമയുഗത്തിന്റെ ട്രെയ്ലർ ലോഞ്ച് നടക്കുന്നത്

'കുഞ്ചമൻ പോറ്റി' എന്ന മമ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകരിലേക്ക് എത്താൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ട്രെയ്ലർ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ്. ഫെബ്രുവരി 10ന് അബുദബിയിലെ അൽ വഹ്ദ മാളിൽ വെച്ചാണ് ഭ്രമയുഗത്തിന്റെ ട്രെയ്ലർ ലോഞ്ച് നടക്കുന്നത്.

ഭ്രമയുഗം 22ലധികം രാജ്യങ്ങളിലാണ് റിലീസ് ചെയ്യുന്നതെന്ന് അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. യു കെ, ഫ്രാന്സ്, പോളണ്ട്, ജർമ്മനി ജോർജിയ, ഓസ്ട്രിയ, മോൾഡോവ, ഇറ്റലി, മാൾട്ട, ഉസ്ബെക്കിസ്ഥാൻ എന്നീ യൂറോപ്യൻ രാജ്യങ്ങളിലും യുഎസ്എ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഭ്രമയുഗം ജിസിസിയിലും വമ്പൻ റിലീസിനാണ് ഒരുങ്ങുന്നത്. യുഎഇ, സൗദ് അറേബ്യ, ഒമാൻ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ എന്നിവടങ്ങളിൽ ചിത്രം പ്രദർശനത്തിനെത്തും.

20ൽ അധികം രാജ്യങ്ങളിൽ അയാൾ പേടിപ്പിക്കാനെത്തും; വേൾഡ് വൈഡ് റിലീസുമായി ഭ്രമയുഗം

ഭൂതകാലത്തിന്റെ ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റിലാണ് കഥ പറയുന്നത്. ചിത്രത്തിന്റെ സംഭാഷണ രചന നിർവഹിച്ചിരിക്കുന്നത് ടി ഡി രാമകൃഷ്ണനാണ്. അര്ജുന് അശോകനും സിദ്ധാര്ത്ഥ് ഭരതനുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് 'കുഞ്ചമൻ പോറ്റി' എന്നാണെന്നും 50 മിനിറ്റ് മാത്രമേ മമ്മൂട്ടിയുടെ പ്രകടനം കാണാൻ കഴിയുകയുള്ളു എന്നും കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ട്. ഫെബ്രുവരി 15ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.

To advertise here,contact us