75-ാമത് എമ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; അവാർഡുകൾ വാരിക്കൂട്ടി 'ബീഫും' 'ദ ബെയറും'

മുൻപ് നടന്ന ഗോൾഡൻ ഗ്ലോബ്സിലും നിരവധി പുരസ്കാരങ്ങൾ ഈ രണ്ട് പരമ്പരകളും സ്വന്തമാക്കിയിരുന്നു

75-ാമത് എമ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആന്തോളജി സീരീസായ ബീഫ്, കോമഡി സീരീസായ ദ ബെയര് എന്നിവയാണ് കൂടുതൽ പുരസ്കാരങ്ങളും നേടിയത്. മുൻപ് നടന്ന ഗോൾഡൻ ഗ്ലാേബ്സിലും നിരവധി പുരസ്കാരങ്ങൾ ഈ രണ്ട് പരമ്പരകളും സ്വന്തമാക്കിയിരുന്നു. ആദ്യ പുരസ്കാരം മികച്ച കോമഡി സീരീസ് വിഭാത്തിൽ ദ ബെയറിനാണ്. മികച്ച സഹനടി (അയോ എഡെബിരി), മികച്ച നടൻ (ജെറമി അലൻ), മികച്ച സംവിധാനം (ക്രിസറ്റഫർ സ്റ്റോറർ), മികച്ച കോമഡി സീരീസ് എന്നീ പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്.

ലിമിറ്റഡ്, ആന്തോളജി സീരീസ് വിഭാഗത്തിൽ ബീഫ് സ്വന്തമാക്കിയത് മികച്ച സംവിധാനം, മികച്ച കഥ (ലീ സങ് ജിൻ), മികച്ച നടൻ (സ്റ്റീവൻ യൂങ്), മികച്ച ലിമിറ്റഡ്, ആന്തോളജി സീരീസ് എന്നീ പുരസ്കാരങ്ങളാണ് . സക്സഷനും പുരസ്കാര നേട്ടമുണ്ടായി. ഡ്രാമ സീരീസ് വിഭാഗത്തിൽ മികച്ച സഹനടനായി മാത്യു മക്ഫാഡിയന് സക്സഷനിലൂടെ ലഭിക്കുന്ന രണ്ടാം പുരസ്കാരമാണിത്. കൂടാതെ ഈ വിഭാഗത്തിൽ മികച്ച കഥ (ജെസ്സി ആംസ്ട്രോങ്), മികച്ച സംവിധാനം (മാർക്ക് മൈലോഡ്), മികച്ച നടൻ (കീരൻ കുൽകിൻ), മികച്ച നടി (സാറ സ്നൂക്ക്), മികച്ച ഡ്രാമ സീരീസ് എന്നീ പുരസ്കാരങ്ങൾ നേടി.

ഇത്തവണത്തെ എമ്മി ഗവർണേഴ്സ് പുരസ്കാരം ഗ്ലാഡ് (GLAAD) എന്ന അമേരിക്കൻ സർക്കാരിതര മാധ്യമ നിരീക്ഷണ സ്ഥാപനത്തിനാണ്. എൽജിബിടിക്യു വിഭാഗത്തിനെ അടയാളപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനത്തിനാണ് പുരസ്കാരം.

To advertise here,contact us