മണിരത്നവും കമൽ ഹാസനും മുപ്പത്തിയാറ് വർഷങ്ങൾക്കിപ്പുറം ഒന്നിക്കുകയാണ് 'തഗ് ലൈഫി'ലൂടെ. മുൻസിനിമകളിൽ ഒപ്പം പ്രവർത്തിച്ച മറ്റ് അഭിനേതാക്കളെയും സിനിമയിലേയ്ക്ക് ചേർത്തുവയ്ക്കുകയാണ് സംവിധായകൻ. താരനിര നീളുമ്പോൾ ഗൗതം കാർത്തികും തഗ് ലൈഫിന്റെ ഭാഗമാകുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
ദുൽഖർ സൽമാൻ, തൃഷ കൃഷ്ണൻ, ജയം രവി എന്നിവർ സിനിമയുടെ ഭാഗമാണ്. പിന്നാലെയാണ് സുപ്രധാന വേഷത്തിൽ ഗൗതവും എത്തുന്നത്.
മണിരത്നം ഒരുക്കിയ 'കാതൽ' ആണ് ഗൗതം കാർത്തികിന്റെ അരങ്ങേറ്റ ചിത്രം. 2013ലാണ് സിനിമ തിയേറ്ററുകളിൽ എത്തിയത്. സമ്മിശ്ര പ്രതികരണമാണ് കടലിന് ലഭിച്ചത്. ദുൽഖർ സൽമാൻ മണിരത്നത്തിനൊപ്പം 'ഒകെ കൺമണി'യിൽ അഭിനയിച്ചിരുന്നു. 'ചെക്ക ചിവന്ത വാനത്തി'ലേയ്ക്കും ക്ഷണം ലഭിച്ചെങ്കിലും 'മഹാനടി'യുമായുള്ള ഷെഡ്യൂൾ തർക്കങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. 'പൊന്നിയിൻ സെൽവൻ' ഒന്ന് രണ്ട് ഭാഗങ്ങളിൽ ജയം രവിയും തൃഷയും മണിരത്നത്തിനൊപ്പം പ്രവർത്തിച്ചു.
ചെന്നൈ വെള്ളപ്പൊക്കം; ദൃശ്യങ്ങൾ പങ്കുവെച്ച് നടൻ റഹ്മാൻ, സുരക്ഷിതനല്ലേയെന്ന് ആരാധകർ
1987ല് പുറത്തിറങ്ങിയ 'നായകന്' ശേഷം മണിരത്നവും കമലും ഒന്നിക്കുന്നത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. എ ആർ റഹ്മാനാണ് സിനിമയുടെ സംഗീത സംവിധാനം നിര്വ്വഹിക്കുന്നത്. രവി കെ ചന്ദ്രൻ ഛായാഗ്രാഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും അൻപറിവ് സംഘട്ടന സംവിധാനവും നിർവ്വഹിക്കുന്നു. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. അടുത്ത വർഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കും എന്നാണ് വിവരം.