കണ്ണൂർ പട കുതിക്കുന്നു; നാല് ആഴ്ച കൊണ്ട് സ്ക്വാഡ് നേടിയത്

റിലീസ് ചെയ്ത് നാല് ആഴ്ച പിന്നിടുമ്പോൾ കണ്ണൂർ സ്ക്വാഡ് ഇതുവരെ നേടിയത് 82.95 കോടി രൂപയാണ്

മമ്മൂട്ടി നായകനാകുന്ന ചിത്രം എന്നത് മാറ്റി നിർത്തിയാൽ വലിയ ഹൈപ്പില്ലാതെ മലയാളം ബോക്സ് ഓഫീസിൽ കുതിപ്പുണ്ടാക്കിയ ചിത്രമാണ് 'കണ്ണൂർ സ്ക്വാഡ്'. ആഗോളതലത്തിൽ ചിത്രം റെക്കോർഡ് നേട്ടത്തോടെ മുന്നേറുകയാണ്. റിലീസ് ചെയ്ത് നാല് ആഴ്ച പിന്നിടുമ്പോൾ കണ്ണൂർ സ്ക്വാഡ് ഇതുവരെ നേടിയത് 82.95 കോടി രൂപയാണ്.

ട്രേഡ് അനലിസ്റ്റുകള് സാമൂഹ്യ മാധ്യമത്തില് പങ്കുവെച്ച കണക്കാണിത്. ആകെ 75 കോടി രൂപയാണ് നേടിയതെന്ന് ഔദ്യോഗികമായി ഒക്ടോബര് 17ന് നിർമ്മാതാക്കൾ അറിയിച്ചിരുന്നു. നാലാമാഴ്ചയിലും കണ്ണൂര് സ്ക്വാഡിന് മികച്ച നേട്ടമാണ് ബോക്സ് ഓഫീസിൽ ഉണ്ടാക്കാൻ സാധിച്ചത്. 2.40 കോടി രൂപ നേടി ആദ്യ ദിനം തന്നെ മികച്ച തുടക്കമിട്ട ചിത്രം പിന്നീട് താഴ്ച്ചയറിഞ്ഞിട്ടില്ല എന്നു വേണം പുറത്തു വരുന്ന കണക്കുകളിൽ നിന്ന് മനസിലാക്കാൻ.

നവാഗതനായ റോബി വര്ഗീസ് രാജാണ് കണ്ണൂർ സ്ക്വാഡിന്റെ സംവിധായകൻ. മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര് സ്ക്വാഡിന്റെ തിരക്കഥാ രചനയില് നടൻ റോണി ഡേവിഡ് രാജും പങ്കാളിയാണ്. മികച്ച ത്രില്ലര് അനുഭവം സമ്മാനിക്കുന്ന ചിത്രമാണെന്നാണ് ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ പൊതു അഭിപ്രായം. മമ്മൂട്ടി കമ്പനിയും ദുല്ഖറിന്റെ വേഫെറര് ഫിലിംസുമാണ് നിർമ്മാണം.

To advertise here,contact us