ഇത് 'ഖുഷി'യുടെ വിജയം; ഒരു ലക്ഷം വീതം 100 കുടുംബങ്ങള്ക്ക് നൽകി വിജയ് ദേവരകൊണ്ട

തന്റെ ആരാധകരെല്ലാം ദേവര കുടുംബത്തിലെ അംഗങ്ങളാണെന്നാണ് നടൻ പറഞ്ഞത്

വിജയ് ദേവരകൊണ്ട-സാമന്ത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ റോമാന്റിക് ഡ്രാമ 'ഖുഷി'യുടെ വിജയം സമൂഹിക പ്രവർത്തിയിലൂടെ ആഘോഷിച്ച് നടൻ വിജയ് ദേവരകൊണ്ട. സിനിമയുടെ ലാഭത്തിൽ നിന്നും തന്റെ പ്രതിഫലത്തിൽ നിന്നും ലഭിച്ച ഒരു കോടി രൂപ 100 കുടുംബങ്ങള്ക്കായി വീതിച്ചു നൽകിയാണ് താരം ആരാധകരോടുള്ള സ്നേഹം പ്രകടിപ്പിച്ചിരിക്കുന്നത്.

തന്റെ ആരാധകരെല്ലാം ദേവര കുടുംബത്തിലെ അംഗങ്ങളാണെന്നാണ് നടൻ പറഞ്ഞത്. കുടുംബത്തോടൊപ്പം എല്ലാവരുടേയും സന്തോഷത്തിന് വേണ്ടി താൻ പൂർണമായും സമർപ്പിക്കുന്നുവെന്നും താരം ഖുഷി വിജയാഘോഷ ചടങ്ങിൽ പറഞ്ഞു.

'നിങ്ങളെല്ലാവരും പുഞ്ചിരിക്കുന്നത് എനിക്ക് കാണണം. എനിക്ക് ഓരോരുത്തരേയും കാണാൻ കഴിയില്ലെങ്കിലും വ്യക്തിപരമായി എല്ലാവരുമായും സന്തോഷം പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ സന്തോഷം പങ്കുവെയ്ക്കുന്നതിന്റെ ഭാഗമായി ഞാൻ വാങ്ങിയ പ്രതിഫലത്തിൽ നിന്ന് ഒരു കോടി രൂപ എന്റെ കുടുംബാംഗങ്ങൾക്കായി സംഭാവന ചെയ്യുകയാണ്. നിങ്ങളിൽ നിന്ന് നൂറു കുടുംബങ്ങളെ തിരഞ്ഞെടുത്ത് ഓരോരുത്തർക്കും ഒരു ലക്ഷം വീതം ഞാൻ നൽകും,' നടൻ വേദിയിൽ പറഞ്ഞു

'എന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഞാൻ 'സ്പ്രെഡിങ് ഖുഷി' ഫോം പങ്കുവക്കും. ഞാൻ നൽകുന്ന പണം നിങ്ങളുടെ കുടുംബത്തിന് ഉപകാരപ്രദമായാൽ എനിക്ക് വളരെയധികം സന്തോഷമാകും,' നടൻ കൂട്ടിച്ചേർത്തു. ശിവ നിർവാണ സംവിധാനം ഖുഷി സെപ്റ്റംബർ ഒന്നിനാണ് റിലീസ് ചെയ്തത്. പാൻ ഇന്ത്യനായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

To advertise here,contact us