'ലിയോയിലെ പാട്ട് മുറിക്കണം'; നിർദേശവുമായി സെൻസർ ബോർഡ്

ഗാനത്തിലെ ചില ഭാഗങ്ങൾ മുറിച്ചു മാറ്റാനാണ് സെൻസർ ബോർഡിന്റെ നിർദേശം

ദളപതി ആരാധകർ അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനത്തിലൊരുങ്ങുന്ന 'ലിയോ'. പ്രഖ്യാപനം മുതലേ തമിഴകത്ത് തരംഗം തീർത്ത ചിത്രത്തിന്റെ പോസ്റ്ററിൽ തുടങ്ങി ഗാനത്തിനു വരെ ഇന്ത്യയൊട്ടാകെ നിരവധി ആരാധകരാണുള്ളത്. എന്നാൽ ലിയോയിലെ ''നാ റെഡി..'' എന്ന ഗാനത്തിനെതിരെ ഉയർന്ന ആരോപണം ഇപ്പോൾ സെൻസർ ബോർഡും അംഗീകരിച്ചിരിക്കുകയാണ്. ഗാനത്തിലെ ചില ഭാഗങ്ങൾ മുറിച്ചു മാറ്റാനാണ് സെൻസർ ബോർഡിന്റെ നിർദേശം.

പാട്ടിൽ മദ്യപാനത്തെയും പുകവലിയെയും കുറിച്ച് പറയുന്ന വരികളാണ് നീക്കം ചെയ്യാൻ നിർദേശിച്ചത്. ഇതിന്റെ ദൃശ്യങ്ങളും വെട്ടിക്കുറയ്ക്കാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ലഹരിക്കടത്തിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള കണ്ടന്റാണ് നാ റെഡി എന്ന ഗാനത്തിൽ കാണിച്ചിരിക്കുന്നത് എന്നതായിരുന്നു ആദ്യം ഉയർന്ന പരാതി. പിന്നീട് നിർമ്മാതാക്കൾ പാട്ടിന് ഡിസ്ക്ലെയ്മർ ചേർത്തിരുന്നു.

സിഗരറ്റും മദ്യവും ഉൾക്കൊള്ളുന്ന ഗാനത്തിലെ എല്ലാ രംഗങ്ങളിലും ആരോഗ്യ മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് വീണ്ടും ഗാനം പുറത്തിറക്കിയത്. എന്നാൽ ലഹരി പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പാട്ടിലെ വരികൾ നീക്കം ചെയ്തിട്ടില്ല എന്നുള്ള പരാതിയും പിന്നാലെ വന്നു. തുടർന്നാണ് സെൻസർ ബോർഡിന്റെ ഇടപെടൽ. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിൽ വിജയ്യാണ് നാ റെഡി എന്നാ ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. രാണ്ട് മാസത്തിന് മുൻപിറങ്ങിയ ഗാനം ഇതുവരെ കണ്ടിരിക്കുന്നത് പന്ത്രണ്ടര കോടി ആളുകളാണ്.

To advertise here,contact us