'വിജയ്യുടെ കാമിയോ റോൾ'; തമിഴ്നാട്ടിൽ ബിസിനസ് പിടിച്ച് 'ജവാൻ'

കേരളത്തിലെ മുൻനിര നിർമ്മാതാവായ ഗോകുലം ഗോപാലനാണ് സംസ്ഥാനത്തും തമിഴ്നാട്ടിലും ജവാന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്

'ജവാൻ' റിലീസിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ സിനിമയിലെ വിജയ്യുടെ റോളിനെ ചൊല്ലി ചർച്ചകൾ സജീവമാണ്. അറ്റ്ലിക്കും ഷാരൂഖിനുമൊപ്പം നിൽക്കുന്ന വിജയ്യുടെ ചിത്രത്തിനൊപ്പം ഷാരൂഖിന്റെ നെഗറ്റീവ് കഥാപാത്രങ്ങളെ അഭിനന്ദിക്കുന്ന വിജയ്യുടെ വീഡിയോയും മുൻനിർത്തിയാണ് ചർച്ചകൾ.

സെപ്റ്റംബർ 7നാണ് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ജവാന്റെ റിലീസ്. ഷാരൂഖിന്റെ മുൻചിത്രം 'പഠാൻ' രാജ്യവ്യാപകമായി നേടിയ വിജയം അറ്റ്ലി ചിത്രത്തിന്മേലുള്ള പ്രതീക്ഷകൾ ഉയർത്തുന്നുണ്ട്. കേരളത്തിലെ മുൻനിര നിർമ്മാതാവായ ഗോകുലം ഗോപാലനാണ് സംസ്ഥാനത്തും തമിഴ്നാട്ടിലും ജവാന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. 'ജയിലർ' കേരളത്തിൽ വിതരണം ചെയ്തതും വിജയ്-ലോകേഷ് ചിത്രം 'ലിയോ'യുടെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നതും ശ്രീഗോകുലം മൂവീസ് ആണ്.

കേരളത്തിൽ ഏറ്റവും കളക്ഷൻ നേടിയ തമിഴ് ചിത്രമായിരിക്കുകയാണ് 'ജയിലർ'. ഈ സിനിമ നൽകിയ ആത്മവിശ്വാസമാണ് രണ്ട് സംസ്ഥാനങ്ങളിൽ ജാവാനായി പണം മുടക്കാൻ ശ്രീഗോകുലം മൂവീസിന് പ്രേരണയായത് എന്നാണ് വിലയിരുത്തൽ. വിജയ്യുടെ കാമിയോ റോൾ കൂടി പരിഗണിക്കുമ്പോൾ ജയിലർ കേരളത്തിൽ നേടിയതിന് സമാനമായ വിജയം ജവാന് തമിഴ്നാട്ടിൽ സാധ്യമാകും എന്നാണ് വിലയിരുത്തൽ.

അറ്റ്ലിയുടെയും തമിഴകത്തെ സൂപ്പർ നായിക നയൻതാരയുടെയും ബോളിവുഡ് അരങ്ങേറ്റമാണ് ജവാൻ. വിജയ് സേതുപതി, യോഗി ബാബു, ദീപിക പദുക്കോൺ തുടങ്ങിയ താരങ്ങളും സിനിമയുടെ ഭാഗമാണ്.

Story Highlights: Speculations galore over Vijay's cameo as Shah Rukh Khan's film does huge business in Tamil Nadu

To advertise here,contact us