'പാവൈ കഥകൾ', 'വിക്രം', 'ജയിലർ' എന്നീ സിനിമകളിലൂടെ തന്റെ കഥാപാത്രങ്ങളെ അടയാളപ്പെടുത്തിയ നടനാണ് ജാഫർ സാദിഖ്. തുടരെ തുടരെയുള്ള നടന്റെ സൂപ്പർ താര സിനിമകൾക്കിടയിൽ ഇപ്പോൾ പുതിയ ചിത്രത്തെ കുറിച്ചും നടൻ വെളിപ്പെടുത്തിയിരിക്കുകയാണ്. ഷാരൂഖ് ഖാൻ നായകനാകുന്ന അറ്റ്ലീ ചിത്രം 'ജവാനി'ൽ ഒരു വേഷം ചെയ്യുന്നതായാണ് ജാഫർ സാദിഖ് പറഞ്ഞിരിക്കുന്നത്.
ജവാനിലെ തന്റെ വേഷം ആശ്ചര്യപ്പെടുത്തുന്ന ഒന്നായിരിക്കുമെന്നും ജാഫർ കൂട്ടിച്ചേർത്തു.സംസാരം കൊണ്ടും പ്രകടനം കൊണ്ടും ശ്രദ്ധനേടാൻ ജാഫർ ചെയ്ത കഥാപാത്രങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ രജനികാന്ത് ചിത്രം ജയിലറിൽ ശിവ രാജ്കുമറിന്റെ വലം കൈയായാണ് ജാഫർ എത്തിയത്. സംഭാഷണങ്ങൾ കുറവായിരുന്നെങ്കിലും ജാഫറിന്റെ പെർഫോമൻസായിരുന്നു ചിത്രത്തിലുടനീളം ഹൈലൈറ്റ് ചെയ്തിരുന്നത്.
അറ്റ്ലീയുടെ അരങ്ങേറ്റ ചിത്രമാണ് ജവാൻ. ഇന്ത്യൻ പ്രേക്ഷകർ ഒരുപോലെ കാത്തിരിക്കുന്ന ചിത്രം സെപ്റ്റംബർ ഏഴിനാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ നയൻതാര, ദീപിക പദുക്കോൺ, പ്രിയാമണി, വിജയ് സേതുപതി, യോഗി ബാബു, സുനിൽ ഗ്രോവർ തുടങ്ങിയ താരങ്ങൾ വേഷമിടുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സിനിമയിലെ പാട്ടുകളും ബിജിഎമ്മും റിലീസിന് മുൻപ് തന്നെ വൈറലാണ്.