വളരെ ആവേശത്തോടെയാണ് ലോകേഷ്-വിജയ് ചിത്രം 'ലിയോ'യുടെ ഓരോ പുതിയ വിവരങ്ങളും ആരാധകർ ഏറ്റെടുക്കുന്നത്. വമ്പൻ താരനിരകൾ അണിനിരക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും ഭാഗമാകുമെന്നുള്ള റിപ്പോർട്ടുകളാണെത്തുന്നത്. ഏതാനും ദിവസങ്ങളായി ഫഹദിന്റെ ലിയോയിലെ കാമിയോ റോളിനെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. എന്നാൽ ചിത്രത്തിലെ നടന്റെ കഥാപാത്രത്തെ കുറിച്ചാണ് ഇപ്പോൾ പുതിയ വിവരങ്ങളെത്തുന്നത്. കമൽഹാസൻ നായകനായ ലോകേഷ് കനകരാജിന്റെ തന്നെ വിജയ ചിത്രം 'വിക്ര'ത്തിൽ പ്രധാന കഥാപാത്രമായ അമർ ആയി ഫഹദ് വേഷമിട്ടിരുന്നു. ഇതേ റോളിൽ ലിയോയിലും ഫഹദ് എത്തുമെന്നാണ് റിപ്പോർട്ട്.
ചിത്രത്തിൽ വിക്രത്തിലെ റോളക്സ് അടക്കമുള്ള പല കഥാപാത്രങ്ങളും കാമിയോയിലെത്തുമെന്നും വിവരങ്ങളുണ്ട്. എന്തായാലും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാകാൻ കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ അർജുൻ സർജയുടെ ഗ്ലിംപ്സസ് വീഡിയോയും വൈറലായിരുന്നു. അർജുൻ സർജയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ഇന്നലെ ക്യാരക്ടർ ഗ്ലിംപ്സസ് പുറത്തിറക്കിയത്. ഹാറോൾഡ് ദാസ് എന്ന കാമിയോ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. വിക്രത്തിലെ റോളക്സിനെ ഓർമ്മിപ്പിക്കുന്നതാണ് ദൃശ്യങ്ങൾ.
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ വിജയ്, അർജുൻ സർജ എന്നിവരെ കൂടാതെ സഞ്ജയ് ദത്ത്, തൃഷ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി എന്നിങ്ങനെ ഇന്ത്യൻ സിനിമയിലെ തന്നെ വിലയ താരനിരയാണ് ലിയോയുടെ ഭാഗമാകുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോ, ദ റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോയുടെ നിർമ്മാണം. റിലീസിനോടടുത്ത് വമ്പൻ പ്രൊമോഷൻ പരിപാടികളുമാണ് അണിയറക്കാർ ഒരുക്കുന്നത്. ഒക്ടോബർ 19നാണ് ലിയോ ആഗോള തലത്തിൽ റിലീസിനെത്തുക.