ഹൃത്വിക് റോഷൻ സൂപ്പർ ഹീറോയായെത്തിയ ഫാന്റസി-സയൻസ് ഫിക്ഷൻ ചിത്രം ക്രിഷിന്റെ നാലാം ഭാഗമെത്തുന്നു എന്ന് ഈ വർഷം ആദ്യമാണ് പ്രഖ്യാപിച്ചത്. എന്നാൽ സിനിമ എന്ന് ബിഗ് സ്ക്രീനിലെത്തുമെന്നതിനെ കുറിച്ചോ ചിത്രീകരണ വിവരങ്ങളെ കുറിച്ചോ വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ 'ക്രിഷ് 4' ചിത്രീകരണത്തിന് ഉടൻ തുടക്കമാകുമെന്ന വാർത്തകളാണെത്തുന്നത്. ഹൃത്വികിന്റെ അച്ഛനും സംവിധായകനുമായ രാകേഷ് റോഷനാണ് സിനിമയുടെ പുതിയ വിവരങ്ങൾ പങ്കുവെച്ചത്.
ക്രിഷ് 4ന്റെ തിരക്കഥയിൽ പൂർണ തൃപ്തി വന്നാൽ ചിത്രീകരണത്തിലേക്ക് കടക്കുമെന്നാണ് സംവിധായകൻ പിങ്ക് വില്ലയോട് പറഞ്ഞത്. 'തിരക്കഥ ഏകദേശം പൂർത്തി ആയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുകയാണ്. തിരക്കഥ മികച്ചതാണെങ്കിൽ ചിത്രം ഒരു മായിക ലോകം തന്നെ സൃഷ്ടിക്കും. ക്രിഷ് 4 പ്രേക്ഷകരെ തൃപ്തിപ്പെടുത്തുമെന്നാണ് വിശ്വസിക്കുന്നത്. ആദ്യത്തെ 15 മിനിറ്റ് കൊണ്ട് തന്നെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലാണ് സിനിമ ഒരുക്കുക,' രാകേഷ് റോഷൻ അഭിമുഖത്തിൽ പറഞ്ഞു.
ആയിരം കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്ട്ട്. 2003ല് 'കോയി മില് ഗയ' യിലൂടെയാണ് ക്രിഷിന്റെ ഫ്രാഞ്ചൈസിയുടെ ആരംഭം. പിന്നീട് 2006-ൽ ക്രിഷ്, 2013ല് ക്രിഷ് 3 എന്നിങ്ങനെ ചിത്രങ്ങൾ പുറത്തിറങ്ങിയിരുന്നു. സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.