താൻ അഭിനയിക്കുന്ന സിനിമകളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വളരെ കുറച്ചു മാത്രം സംസാരിക്കുന്ന താരമാണ് പ്രിയാമണി. അറ്റ്ലി-ഷാരൂഖ് ഖാൻ ചിത്രം 'ജവാനി'ൽ പ്രിയ ഭാഗമാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ട്രെയ്ലർ പുറത്തിറങ്ങിയ ശേഷം മാത്രമാണ് താരം അതേക്കുറിച്ച് പ്രതികരിക്കാൻ തയാറായത്. എന്നാൽ ഉടൻ ചിത്രീകരണം ആരംഭിക്കുന്ന മോഹൻലാൽ ചിത്രത്തിൽ താൻ ഭാഗമാണെന്ന് അറിയിച്ചിരിക്കുകയാണ് പ്രിയാമണി.
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുതിയ ചിത്രം അണിയറയിലാണ്. നാളെ ടൈറ്റിൽ പ്രഖ്യാപിക്കാനിരിക്കെ താൻ സിനിമയുടെ ഭാഗമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ഒടിടി പ്ലേയോടാണ് പ്രിയാമണി ഇതേക്കുറിച്ച് സംസാരിച്ചത്. 'ഞാൻ ജീത്തു ജോസഫ്-മോഹൻലാൽ ചിത്രത്തിന്റെ ഭാഗമാണ്. എന്നാൽ സിനിമയെക്കുറിച്ച് കൂടുതൽ സംസാരിക്കാറായിട്ടില്ല. ചിത്രീകരണം ആരംഭിച്ച ശേഷം ഇതേക്കുറിച്ച് സംസാരിക്കുകയാകും ഉചിത്രം,' പ്രിയാമണി പറഞ്ഞു.
ഹിറ്റ് ഫ്രാഞ്ചൈസി 'ദൃശ്യ'ത്തിന് മൂന്നാം ഭാഗമുണ്ടെന്ന് സംവിധായകൻ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഒരുക്കുന്നത് 'ദൃശ്യം 3' അല്ല എന്നാണ് വിവരം. ജീത്തു-മോഹൻലാൽ കൂട്ടുകെട്ടിൽ ചിത്രീകരണം ആരംഭിച്ച 'റാം' അവസാനഘട്ടത്തിലാണ്. പുതിയ ചിത്രം പൂർത്തിയാക്കിയിട്ടേ റാം പുനരാരംഭിക്കൂ എന്നാണ് റിപ്പോർട്ട്. പേര് പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കുമെന്നും റിപ്പോർട്ട് ഉണ്ട്.
ലോകേഷ് കനകരാജ്-വിജയ് ചിത്രം 'ലിയോ'യിലും പ്രിയ അഭിനയിക്കുന്നുണ്ട്. തമിഴ് ചിത്രം 'ക്വട്ടേഷൻ ഗാങ്', ഹിന്ദി ചിത്രം 'മൈദാൻ' തുടങ്ങിയ സിനിമകളും പ്രിയയുടെതായി അണിയറയിലുണ്ട്.
Story Highlights: Priyamani's next with Jeethu Joseph and Mohanlal