പുഷ്പയുടെ രണ്ടാം വരവിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് നീളം കുറയുകയാണ്. അല്ലു അർജുൻ നായകനായ ബ്ലോക്ക് ബസ്റ്റർ ഹിറ്റ് 'പുഷ്പ: ദ റൈസി'ന്റെ സീക്വലായ 'പുഷ്പ: ദ റൂളി'ന്റെ ഷെഡ്യൂൾ ഹൈദരാബാദിൽ ആരംഭിച്ചിരിക്കുകയാണ്. റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരണം.
ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള ചിത്രീകരണം അവസാനിച്ചിരിക്കുകയാണ്. ഇനി ഹൈദരബാദിലുള്ള ഷെഡ്യൂളാണ് ബാക്കിയുള്ളത്. പുതിയ ഷെഡ്യൂളിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികളെല്ലാം പൂർത്തിയാക്കി കഴിഞ്ഞു. അല്ലു അർജുൻ ഉൾപ്പടെയുള്ള പ്രധാന താരങ്ങൾ ഇന്ന് റാമോജി ഫിലിം സിറ്റിയിലെത്തും, സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ പുഷ്പയുടെ ആദ്യ ഭാഗം 2021 ഡിസംബർ 17-നാണ് റിലീസ് ചെയ്തത്. രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. ഇരു താരങ്ങളും രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് വിവരം. ഡയലോഗ് കൊണ്ടും പാട്ടുകൾ കൊണ്ടും ആഗോള തലത്തിൽ ട്രെൻഡായ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് അല്ലു അർജുൻ ആരാധകർ.