'ബോളിവുഡ് രക്ഷപെടില്ല എന്നൊരു ധാരണയുണ്ടായിരുന്നു, 'പഠാന്' ശേഷം അത് മാറി'; രാം ഗോപാൽ വർമ്മ

ദക്ഷിണേന്ത്യൻ സിനിമകൾക്ക് കൂടുതൽ സ്വീകാര്യതയുണ്ടെന്നും ഇനി ഒരു ബോളിവുഡ് കാലം ഉണ്ടാകില്ലെന്നുമുള്ള ധാരണയായിരുന്നു പൊതുവിലുണ്ടായിരുന്നത്

ഷാരൂഖ് ഖാന്റെ എക്കാലത്തെയും ബ്ലോക്ക് ബസ്റ്റർ ചിത്രം 'പഠാനെ' കുറിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ. ഉത്തരേന്ത്യൻ-ദക്ഷിണേന്ത്യൻ സിനിമകൾ എന്നുള്ള താരതമ്യത്തിന് വിരാമമിട്ടത് 'പഠാൻ' ആണെന്നാണ് സംവിധായകൻ അഭിപ്രായപ്പെട്ടത്. തെന്നിന്ത്യൻ സിനിമകളാണ് ബോളിവുഡിനേക്കാൾ മികച്ചതെന്നും ബോളിവുഡ്, ബോക്സ് ഓഫീസിൽ വിജയമുണ്ടാക്കാൻ പ്രയത്നിക്കുകയാണെന്നുമുള്ള ധാരണയെ ഇല്ലാതാക്കാൻ പഠാൻ എന്ന ചിത്രത്തിന് സാധിച്ചുവെന്നും രാം ഗോപാൽ വർമ്മ ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ബോളിവുഡിൽ പഠാൻ വന്നതു കൊണ്ട് ഇന്ത്യയിൽ 'തെന്നിന്ത്യൻ തരംഗം' എന്നതിന് മാറ്റം സംഭവിച്ചു. ദക്ഷിണേന്ത്യൻ സിനിമകൾക്ക് കൂടുതൽ സ്വീകാര്യതയുണ്ടെന്നും ഇനി ഒരു ബോളിവുഡ് കാലം ഉണ്ടാകില്ലെന്നുമുള്ള ധാരണയായിരുന്നു പൊതുവിലുണ്ടായിരുന്നത്. 'കാന്താര', 'ആർ ആർ ആർ', 'കെജിഎഫ്: ചാപ്റ്റർ 2' എന്നീ സിനിമകൾ ഇന്ത്യൻ ബോക്സ് ഓഫീസിൽ അത്ഭുതം സൃഷ്ടിക്കാൻ തുടങ്ങിയപ്പോഴാണ് ഈ ധാരണ വന്നത്. എന്നാൽ അത്തരം ചിന്തകളെ പൊളിച്ചെഴുതുന്നതായിരുന്നു ഒരു ഹിന്ദി നടൻ അഭിനയിച്ച്, ഹിന്ദി സംവിധായകൻ ഒരുക്കി, ഹിന്ദി നിർമ്മാതാവ് പുറത്തിറക്കിയ, ഹിന്ദി പടമായ പഠാൻ, സംവിധായകൻ വ്യക്തമാക്കി.

എന്തൊക്കെ പറഞ്ഞാലും സിനിമയ്ക്കാണ് എക്കാലവും പ്രാധാന്യം. അവിടെ സൗത്തെന്നോ നോർത്തെന്നോ ഉള്ള വ്യത്യാസമില്ല. എസ് എസ് രാജമൗലി ഗുജറാത്തിലോ ഒഡീഷയിലോ ആണ് ജനിച്ചിരുന്നതെങ്കിൽ അദ്ദേഹം ഇതേ സിനിമകൾ ആ ഭാഷയിലെടുത്തേനെ, രാം ഗോപാൽ വർമ്മ പറഞ്ഞു.

To advertise here,contact us