ഓഷ്വിറ്റ്സ് കൂട്ടക്കൊലയെ മോശമായി പരാമർശിച്ചു; 'ബവാൽ' ചിത്രത്തിനെതിരെ ഇസ്രായേൽ എംബസി

ലക്ഷക്കണക്കിന് ജൂതന്മാരുടെ കൊലപാതകത്തിന് കാരണമായ ഓഷ്വിറ്റ്സ് കോൺസൻട്രേഷൻ ക്യാമ്പിനെ സിനിമയിൽ നിസാരവത്കരിച്ചു എന്നാണ് ഇസ്രായേൽ എംബസി ആരോപിച്ചത്

അടുത്തിടെ ആമസോൺ പ്രൈമിൽ പ്രദർശിപ്പിച്ച ബോളിവുഡ് ചിത്രമാണ് 'ബവാൽ'. സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചതിന് പിന്നാലെ എതിർപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്ത്യയിലെ ഇസ്രായേൽ എംബസി. ലക്ഷക്കണക്കിന് ജൂതന്മാരുടെ കൊലപാതകത്തിന് കാരണമായ ഓഷ്വിറ്റ്സ് കോൺസൻട്രേഷൻ ക്യാമ്പിനെ സിനിമയിൽ നിസാരവത്കരിച്ചു എന്നാണ് ഇസ്രായേൽ എംബസി ആരോപിച്ചത്. ചിത്രം ആമസോണിൽ നിന്ന് നീക്കം ചെയ്യണമെന്നും എംബസി ആവശ്യപ്പെട്ടു.

മനുഷ്യന്റെ അത്യാഗ്രഹത്തെയും മനുഷ്യർ തമ്മിലുള്ള ബന്ധത്തെയും ഓഷ്വിറ്റ്സ് ക്യാമ്പുമായി ഉപമിച്ചു എന്നാണ് എംബസി ഉയർത്തിയ പരാതി. അടുത്തിടെ ഇറങ്ങിയ 'ബാവൽ' എന്ന സിനിമയിൽ ഓഷ്വിറ്റ്സ് കൂട്ടക്കൊലയുടെ ഭീകരതയെ നിസാരവത്കരിച്ചത് ഇസ്രായേൽ എംബസിയ്ക്ക് ആശങ്കയുണ്ടാക്കുന്നു. സിനിമയിലെ ചില പദാവലികൾ ഉപയോഗിക്കുന്നതിൽ മോശം തിരഞ്ഞെടുപ്പാണ് സിനിമ നടത്തിയിരിക്കുന്നത്. ഇതിൽ ദുരുദ്ദേശ്യമൊന്നും ഇല്ലെങ്കിൽ പോലും ഓഷ്വിറ്റ്സ് ക്യാമ്പിന്റെ ഭീകരതയെ പൂർണ്ണമായി അറിയാത്തവർ അതിനെക്കുറിച്ച് സ്വയം ബോധവാന്മാരാകണമെന്ന് അഭ്യർത്ഥിക്കുന്നു, ഇസ്രായേൽ എംബസി ട്വീറ്റ് ചെയ്തു.

ഒടിടി പ്ലാറ്റ്ഫോമിൽ നിന്ന് ചിത്രം നീക്കം ചെയ്യണമെന്ന ആവശ്യം അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് എംബസിയും ഇന്ത്യയിലെ ഇസ്രായേൽ അംബാസഡറും രംഗത്തെത്തിയത്. ഓഷ്വിറ്റ്സ് കൂട്ടക്കൊലയ്ക്ക് ഇരകളായവരുടെ സ്മരണയ്ക്കായി പ്രവർത്തിക്കുന്ന യുഎസ് ആസ്ഥാനമായുള്ള എൻജിഒ സൈമൺ വീസെന്തൽ സെന്റർ (എസ്ഡബ്ല്യുസി) ചിത്രം പ്രൈമിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു.

To advertise here,contact us