നടി ശില്പ ഷെട്ടിയുടെ പങ്കാളിയും വ്യവസായിയുമായ രാജ് കുന്ദ്ര പ്രതിയായ അശ്ലീല വീഡിയോ ആപ്പ് കേസ് സിനിമയാകുന്നു. നീലച്ചിത്രം നിര്മ്മിക്കുകയും ആപ്പുകളിലൂടെ അവ പ്രചരിപ്പിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ 2021 ജൂലൈ 19നാണ് രാജ് കുന്ദ്ര അറസ്റ്റിലായത്. രണ്ടു വർഷങ്ങൾക്കിപ്പുറം അതേ തീയതിയിലാണ് കേസ് സിനിമയാകുന്ന വാർത്ത പുറത്തുവരുന്നത്. മുംബൈ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ 63 ദിവസമാണ് രാജ് കുന്ദ്ര ജയിലിൽ കഴിഞ്ഞത്.
ജയിൽ മോചിതനായതിന്റെ ഒന്നാം വർഷം രാജ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. 'അർതൂർ റോഡിലെ ജയിലിൽ നിന്ന് മോചിതനായിട്ട് ഇന്നേയ്ക്ക് ഒരു വർഷം. ഇത് സമയത്തിന്റെ കാര്യമാണ്. നീതി ലഭിക്കുമെന്ന് ഉറപ്പുണ്ട്. എനിക്ക് നല്ലതു വരാൻ ആഗ്രഹിച്ചവർക്കും ട്രോളന്മാർക്കും നന്ദി. നിങ്ങളുടെ ട്രോളുകളാണ് എന്നെ കൂടുതൽ ശക്തനാക്കിയത്,' രാജ് കുറിച്ചു.
ജയിലിൽ കഴിഞ്ഞ കാലയളവിൽ രാജ് അനുഭവിച്ച കാര്യങ്ങളാകും സിനിമയുടെ പ്രമേയം എന്നാണ് പിങ്ക്വില്ല റിപ്പോർട്ട് ചെയ്യുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. സംവിധാനം ആര് നിർവ്വഹിക്കുമെന്നതും ഉടൻ അറിയിക്കും. തിരക്കഥ ഒരുക്കുന്നത് മുതൽ ചിത്രീകരണം വരെ ചിത്രത്തിന് വേണ്ട ക്രിയേറ്റീവ് അസിസ്റ്റൻസ് നൽകുക രാജ് കുന്ദ്രയാകും. കുന്ദ്രയുടെയും കുടുംബത്തിന്റെയും കാഴ്ചപ്പാടിലുള്ളതാകും ചിത്രം. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും റിപ്പോർട്ട് ഉണ്ട്.