തിരുവനന്തപുരം : 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഈ മാസം 19, ബുധനാഴ്ച്ച പ്രഖ്യാപിക്കും. രാവിലെ 11-ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തുക. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ സിനിമകൾ നിരീക്ഷിച്ച് വിലയിരുത്തിയത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനത്തിലൊരുങ്ങിയ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം, രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട്, തരൂൺ മൂർത്തിയുടെ സംവിധാനത്തിലൊരുങ്ങിയ സൗദി വെള്ളക്ക, നവാഗത സംവിധായിക രത്തീനയുടെ മമ്മൂട്ടി ചിത്രം പുഴു, അലൻസിയറിന്റെ ശക്തമായ വേഷത്തിൽ സണ്ണി വെയിൻ, അനന്യ എന്നിവർ പ്രധാന താരങ്ങളായ അപ്പൻ, ടൊവിനോ തോമസ് നായകനാകുന്ന അദൃശ്യ ജാലകങ്ങൾ, ഭീഷ്മ പർവം, ജയ ജയ ജയ ഹേ, റോഷാക്ക് അടക്കമുള്ള ചിത്രങ്ങളാണ് അവസാന റൗണ്ടിലുള്ളതെന്നാണ് സൂചന.
മികച്ച നടൻ വിഭാഗത്തിൽ മമ്മൂട്ടി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ എന്നിവരാണ് അവസാന ഘട്ടത്തിലെന്നും സൂചനയുണ്ട്.
പ്രധാന ജൂറിയിൽ ഡോ കെ എം ഷീബ, വി ജെ ജെയിംസ്, സംവിധായകൻ റോയ് പി തോമസ്, നിർമ്മാതാവ് ബി രാകേഷ്, സംവിധായകൻ സജാസ് റഹ്മാൻ, എഡിറ്ററും സംവിധായകനുമായ വിനോദ് സുകുമാരൻ എന്നിവരാണുള്ളത്. അവസാന ജൂറിയിൽ ചലച്ചിത്രപ്രവർത്തകരായ നേമം പുഷ്പരാജ്, കെ കെ മധുസൂദനൻ എന്നിവരും ഉൾപ്പെടുന്നു.