ബോളിവുഡിന്റെ ഫാഷൻ സെൻസിനെ പുനർനിർവചിച്ചവരിൽ പ്രധാനിയായ ഡിസൈനർ മനീഷ് മൽഹോത്ര സംവിധായകനാകുന്നു. മുപ്പത് വർഷത്തെ ഫാഷൻ കരിയറിൽ 800ലധികം സിനിമകൾക്ക് വസ്ത്രാലങ്കാരം നിർവഹിച്ച അദ്ദേഹം ബോളിവുഡിന്റെ ദുരന്ത നായിക മീന കുമാരിയുടെ ജീവിതമാണ് സിനിമയാക്കുന്നത്. കരൺ ജോഹറിന്റെ നിർമ്മാണ കമ്പനി ധർമ്മ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം.
ചിത്രത്തിന്റെ കഥയും തിരക്കഥയും മനീഷിന്റേതാണ്. വിഭജന കാലഘട്ടം പശ്ചാത്തലമാകുന്ന പീരിയഡ് ഡ്രാമ സ്വഭാവമുള്ള ബയോപിക് ആകും ചിത്രം. മീന കുമാരിയുടെ 33 വർഷം നീണ്ട കരിയറും കമൽ അംരോഹിയുമായുള്ള പ്രണയവും വിഷാദരോഗവുമെല്ലാം സിനിമ പറയും. കൃതി സിനോൺ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്. സിനിമയ്ക്ക് പേര് നൽകിയിട്ടില്ല.
ബാലതാരമായി തുടങ്ങി 20 വയസിൽ നായിക നടിയായ മീന കുമാരി അമ്പതുകളിൽ ബോളിവുഡിനെ ഭരിച്ച താരറാണിയാണ്. കമലുമായുള്ള വിവാഹമോചനത്തിന് ശേഷം വിഷാദ രോഗത്തിനും മദ്യത്തിനുമടിമപ്പെട്ട് 38-ാം വയസിൽ മരണപ്പെടുകയായിരുന്നു.