കേരള സിനിമാ ടൂറിസം പദ്ധതിക്ക് പിന്തുണയുമായി സംവിധായകൻ മണിരത്നം

മണിരത്നത്തിന്റെ സംവിധാനത്തിലൊരുങ്ങിയ എവർഗ്രീൻ ഹിറ്റ് സിനിമ ബോംബെ ചിത്രീകരിച്ച കാസർകോട്ടെ ബേക്കൽ കോട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

കേരള വിനോദ സഞ്ചാര വകുപ്പിന്റെ പദ്ധതിയായ സിനിമാ ടൂറിസത്തിന് പിന്തുണയറിയിച്ച് പ്രശസ്ത സംവിധായകൻ മണിരത്നം. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസുമായി കോഴിക്കോട്ട് നടത്തിയ ചർച്ചയിലാണ് മണിരത്നം തന്റെ പിന്തുണയും പ്രോത്സാഹനവും അറിയിച്ചത്. കേരളത്തിന്റെ ഭംഗിയെ പശ്ചാത്തലമാക്കിയ നിരവധി അനശ്വര സിനിമകൾ ഉണ്ടായിട്ടുണ്ട്. ആ ഓർമ്മകളെ നിലനിർത്തിർത്തിക്കൊണ്ട് വിനോദ സഞ്ചാരികളെ അവിടേയ്ക്ക് ആകർഷിപ്പിക്കുന്നതാണ് സിനിമാ ടൂറിസം പദ്ധതി.

'മണിരത്നത്തിനെപ്പോലെയുള്ള മഹാനായ ഒരു സംവിധായകന്റെ പ്രോത്സാഹനവും സാന്നിധ്യവും പദ്ധതിക്ക് വലിയ ഊർജ്ജമാവും. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനെ സംബന്ധിച്ചിടത്തോളം ഇതൊരു മഹിതമായ നിമിഷമാണ്. അഭിമാനത്തോടെയാണ് സംസ്ഥാന സർക്കാരും ടൂറിസം വകുപ്പും ഈ നിമിഷത്തെ കാണുന്നത്,' മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

മണിരത്നത്തിന്റെ സംവിധാനത്തിലൊരുങ്ങിയ എവർഗ്രീൻ ഹിറ്റ് സിനിമ ബോംബെ ചിത്രീകരിച്ച കാസർകോട്ടെ ബേക്കൽ കോട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബേക്കലിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാമെന്നും മണിരത്നം സമ്മതമറിയിച്ചു. ചിത്രത്തിലെ താരങ്ങളെയും ചടങ്ങിൽ പങ്കെടുപ്പിക്കും.

To advertise here,contact us