വിജയ് ചിത്രം 'ലിയോ'യ്ക്കെതിരെ വീണ്ടും പരാതി. ചിത്രത്തിലെ ''നാ റെഡി...'' എന്ന ഗാനത്തിനെതിരെ നൽകിയ പരാതിയിൽ നടപടിയെടുത്തില്ല എന്നാണ് ആരോപണം. നടൻ വിജയ്യെ പിന്തുണയ്ക്കുകയാണ് സി ബി എഫ് സി എന്നും പരാതിയിൽ പറയുന്നു. സെൻസർ ബോർഡിനെതിരെ സെൽവം ആണ് പരാതി നൽകിയത്.
ലഹരിക്കടത്തിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള കണ്ടന്റാണ് നാ റെഡി എന്ന ഗാനത്തിൽ കാണിച്ചിരിക്കുന്നത് എന്നതായിരുന്നു ആദ്യം ഉയർന്ന പരാതി. എന്നാൽ പിന്നീട് നിർമ്മാതാക്കൾ പാട്ടിന് ഡിസ്ക്ലെയ്മർ ചേർത്തിരുന്നു. സിഗരറ്റും മദ്യവും ഉൾക്കൊള്ളുന്ന ഗാനത്തിലെ എല്ലാ രംഗങ്ങളിലും ആരോഗ്യ മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് വീണ്ടും ഗാനം പുറത്തിറക്കിയത്. എന്നാൽ ലഹരി പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പാട്ടിലെ വരികൾ നീക്കം ചെയ്തിട്ടില്ല.
ലോകേഷ് കനകരാജ് സംവിധാനത്തിലൊരുങ്ങുന്ന സിനിമയ്ക്ക് വലിയ ആരാധകരാണുള്ളത്. നാ റെഡി എന്ന ഗാനം പത്ത് ദിവസം കൊണ്ട് യൂട്യൂബിൽ 44 മില്യൺ (നാല് കോടി 44 ലക്ഷം) പ്രേക്ഷകരാണ് കണ്ടിരിക്കുന്നത്. വിജയ് കൂടാതെ തൃഷ, ഗൗതം വാസുദേവ് മേനോൻ, അര്ജുൻ, മാത്യു തോമസ്, മിഷ്കിൻ, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ് തുടങ്ങിവരാണ് ലിയോയിലെ പ്രധാന താരങ്ങൾ.