AI യുഗത്തിൽ കരിയർ ഫ്യൂച്ചർ പ്രൂഫ് ചെയ്യാം- പ്രീമിയം ഇൻസ്റ്റിറ്റ്യൂഷനുകളുടെ പ്രാധാന്യം

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നേരിട്ടുള്ള മേൽനോട്ടത്തിലും ഫണ്ടിങ്ങിലും പ്രവർത്തിക്കുന്ന, ദേശീയ-ആഗോള തലത്തിൽ ഉയർന്ന റാങ്കുകളും കരിയർ മൂല്യവുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് 'പ്രീമിയം ഇൻസ്റ്റിറ്റ്യൂഷനുകൾ'

ഓരോ വർഷവും ഇന്ത്യയിൽ ഏകദേശം 80 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ബിരുദം നേടി പുറത്തിറങ്ങുന്നത്. എന്നാൽ ഇതിന് ആനുപാതികമായി പുതുതായി സൃഷ്ടിക്കപ്പെടുന്ന ബിരുദതല തൊഴിലവസരങ്ങൾ വെറും 10 ലക്ഷം മാത്രമാണ്. ഇതിന് പുറമെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളുടെ കടന്നുവരവ് മൂലം ഭാവിയിൽ പരമ്പരാഗത തൊഴിലുകൾ നഷ്ടപ്പെടുമോ എന്ന ആശങ്ക.

ഇത്തരമൊരു സാഹചര്യത്തിൽ, കരിയറിൽ സുരക്ഷിതത്വവും ഉന്നത വിജയവും ഉറപ്പാക്കാൻ (Future-proof) വിദ്യാർത്ഥികൾക്ക് മുന്നിലുള്ള ഏറ്റവും മികച്ച വഴി രാജ്യത്തെ പ്രീമിയം വിദ്യാഭ്യാസ സ്ഥാപനങ്ങളെ (Premium Institutions) ആശ്രയിക്കുക എന്നതാണ്.

എന്താണ് പ്രീമിയം ഇൻസ്റ്റിറ്റ്യൂഷനുകൾ?

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നേരിട്ടുള്ള മേൽനോട്ടത്തിലും ഫണ്ടിങ്ങിലും പ്രവർത്തിക്കുന്ന, ദേശീയ-ആഗോള തലത്തിൽ ഉയർന്ന റാങ്കുകളും കരിയർ മൂല്യവുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് 'പ്രീമിയം ഇൻസ്റ്റിറ്റ്യൂഷനുകൾ' എന്ന് വിളിക്കുന്നത്. മികച്ച അക്കാദമിക് നിലവാരം, ലോകോത്തര ലബോറട്ടറികൾ, പരിചയസമ്പന്നരായ അധ്യാപകർ, വ്യവസായ മേഖലയുമായുള്ള അടുത്ത ബന്ധം (Industry Exposure) എന്നിവയാണ് ഇവയുടെ പ്രധാന സവിശേഷതകൾ. വെറുമൊരു ബിരുദ സർട്ടിഫിക്കറ്റ് നൽകുന്നതിനപ്പുറം വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനും ഗവേഷണങ്ങൾക്കും ബിസിനസ്സ് ആശയങ്ങൾക്കും ഇവിടുത്തെ അന്തരീക്ഷം വലിയ പിന്തുണ നൽകുന്നു. പൂർണ്ണമായും മെരിറ്റിന്റെ അടിസ്ഥാനത്തിൽ കടുത്ത മത്സര പരീക്ഷകളിലൂടെ (Entrance Exams) മാത്രമാണ് ഇത്തരം ക്യാമ്പസുകളിലേക്ക് പ്രവേശനം സാധ്യമാകുന്നത്.

അത് എൻജിനീയറിങ്ങിൽ ഐഐടി (IIT), എൻഐടി (NIT) എന്നിവയോ, മെഡിസിനിൽ എയിംസ് (AIIMS), കോഴിക്കോട് മെഡിക്കൽ കോളേജ് പോലുള്ള പ്രമുഖ ഗവൺമെന്റ് കോളേജുകളോ, ഫാഷൻ രംഗത്ത് നിഫ്റ്റ് (NIFT), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (NID) എന്നിവയോ, ഹ്യുമാനിറ്റീസ്/കോമേഴ്സ് രംഗത്ത് ഡൽഹി യൂണിവേഴ്സിറ്റി പോലുള്ള മുൻനിര സർവ്വകലാശാലകളോ ആകാം. ഒരു പ്രീമിയം ഇൻസ്റ്റിറ്റ്യൂഷനിൽ പഠിക്കുന്നത് വഴി വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പ്രധാന നേട്ടങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം:

1. സ്വപ്നതുല്യമായ പ്ലേസ്മെന്റും ഉയർന്ന ശമ്പളവും

പ്രീമിയം ക്യാമ്പസുകളുടെ ഏറ്റവും വലിയ ആകർഷണം അവിടുത്തെ ക്യാമ്പസ് സെലക്ഷനാണ്. ആഗോള തലത്തിലുള്ള വൻകിട കമ്പനികളാണ് ഈ ക്യാമ്പസുകളിലേക്ക് ജീവനക്കാരെ തേടിയെത്തുന്നത്.

  • ഐ ഐ ടി: ഐ ഐ ടി മദ്രാസിലെ ശരാശരി വാർഷിക ശമ്പളം 25.2 ലക്ഷം രൂപയാണ്. കമ്പ്യൂട്ടർ സയൻസ് മേഖലകളിലെ ശരാശരി പാക്കേജ് 53 ലക്ഷം രൂപയ്ക്ക് മുകളിലാണ്. അതായത്, 21-22 വയസ്സിൽ ഐഐടി മദ്രാസിൽ നിന്ന് കമ്പ്യൂട്ടർ എൻജിനീയറിങ് പഠിച്ചിറങ്ങുന്ന ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്നത് അരക്കോടിയിലധികം രൂപയുടെ വാർഷിക വരുമാനമാണ്.
  • എൻ ഐ ടി: പ്ലേസ്മെന്റിന്റെ കാര്യത്തിൽ എൻ ഐ ടികളും ഒട്ടും പിന്നിലല്ല. ഉദാഹരണത്തിന് എൻ ഐ ടി സൂറത്തിലെ ശരാശരി പാക്കേജ് 17.5 ലക്ഷം രൂപയും, കമ്പ്യൂട്ടർ സയൻസിന്റേത് 24 ലക്ഷം രൂപയുമാണ്.
  • ബിരുദ കോഴ്സുകൾ: എൻജിനീയറിങ് മാത്രമല്ല, ഡൽഹി യൂണിവേഴ്സിറ്റിയിലെ ലേഡി ശ്രീറാം കോളേജ് പോലുള്ള സ്ഥാപനങ്ങളിൽ നിന്ന് സാധാരണ കോമേഴ്സ് ബിരുദം പൂർത്തിയാക്കുന്നവർക്ക് പോലും 12 ലക്ഷത്തിന് മുകളിൽ വാർഷിക ശമ്പളം ലഭിക്കാറുണ്ട്.

2. കുറഞ്ഞ ഫീസും മികച്ച സൗകര്യങ്ങളും

സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത ഫീസാണ് പല പ്രൈവറ്റ് കോളേജുകളിലും ഈടാക്കുന്നത്. എന്നാൽ രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കൽ കോളേജായ എയിംസ് ഡൽഹിയിലെ (AIIMS New Delhi) അഞ്ചര വർഷത്തെ ആകെ ഫീസ് വെറും 6000 രൂപ മാത്രമാണ്! കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഒരു വർഷത്തെ ട്യൂഷൻ ഫീസ് 25,000 രൂപയിൽ താഴെയാണ്. ഒരു പ്രൈവറ്റ് മെഡിക്കൽ കോളേജിൽ ഇതിനായി 50 ലക്ഷത്തിലധികം രൂപ ചിലവ് വരും എന്നതുമായി താരതമ്യം ചെയ്യുമ്പോഴാണ് പ്രീമിയം സർക്കാർ സ്ഥാപനങ്ങളുടെ മൂല്യം മനസ്സിലാകുന്നത്. ഏറ്റവും കുറഞ്ഞ ചിലവിൽ ലോകോത്തര വിദ്യാഭ്യാസം നേടാൻ ഇത് സഹായിക്കുന്നു.

3. അത്യാധുനിക ക്യാമ്പസ് സൗകര്യങ്ങൾ (World-class Infrastructure)

നൂറുകണക്കിന് ഏക്കറുകളിലായി പരന്നുകിടക്കുന്ന ഹരിതാഭമായ ക്യാമ്പസുകളാണ് ഈ സ്ഥാപനങ്ങളുടെ മറ്റൊരു പ്രത്യേകത. ഖരഗ്‌പൂർ ഐ ഐ ടിക്ക് 2100 ഏക്കറും, ഐ ഐ ടി മദ്രാസിന് 900 ഏക്കറും വിസ്തൃതിയുണ്ട്. എൻ ഐ ടി ട്രിച്ചി (800 ഏക്കർ), എൻ ഐ ടി കാലിക്കറ്റ് (300 ഏക്കർ) എന്നിവയും വിസ്തൃതമായ ക്യാമ്പസുകളാണ്.

ജിംനേഷ്യം, സ്വിമ്മിംഗ് പൂൾ, അത്യാധുനിക ലാബുകൾ, വിപുലമായ ലൈബ്രറികൾ എന്നിവയോടൊപ്പം വിദ്യാർത്ഥികളുടെ കലാ-കായിക മികവുകൾ വളർത്തുന്ന ക്ലബ്ബുകളും ഫെസ്റ്റുകളും ഇവിടെ സജീവമാണ്. കൂടാതെ, പുതിയ ബിസിനസ്സ് ആശയങ്ങളുള്ള വിദ്യാർത്ഥികളെ സഹായിക്കാൻ 'ബിസിനസ്സ് ഇൻകുബേറ്ററുകളും' മിക്ക പ്രീമിയം ക്യാമ്പസുകളിലുമുണ്ട്.

4. ശക്തമായ അലുമിനൈ നെറ്റ്‌വർക്കും വലിയ ലോകവീക്ഷണവും

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭാശാലികളായ വിദ്യാർത്ഥികൾ ഒരുമിച്ചിരുന്ന് പഠിക്കുന്നതിലൂടെ വ്യക്തിത്വ വികസനവും വലിയൊരു സൗഹൃദവലയവും രൂപപ്പെടുന്നു. ഉദാഹരണത്തിന്, ഗൂഗിൾ സി ഇ ഓ സുന്ദർ പിച്ചൈ ഉൾപ്പെടെയുള്ള പ്രമുഖർ ഐ ഐ ടി അലുമിനൈകളാണ്. ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ, ടി സി എസ് എം ഡി എന്നിവർ എൻ ഐ ടിയുടെ പൂർവ്വവിദ്യാർത്ഥികളാണ്.

കൂടാതെ, രാജ്യത്തെ ഭൂരിപക്ഷം സിവിൽ സർവീസ് ഓഫീസർമാരും, ഫ്ലിപ്കാർട്ട്, സ്വിഗ്ഗി തുടങ്ങിയ വൻകിട യൂണികോൺ സ്റ്റാർട്ടപ്പുകളുടെ സ്ഥാപകരും ഇത്തരം പ്രീമിയം സ്ഥാപനങ്ങളിൽ നിന്ന് വളർന്നുവന്നവരാണ്. ഈ വലിയ അലുമിനൈ നെറ്റ്‌വർക്കിന്റെ ഭാഗമാകാൻ കഴിയുന്നത് ഭാവി കരിയറിൽ വലിയൊരു തുണയായിരിക്കും.

പ്രീമിയം ഇൻസ്റ്റിറ്റ്യൂഷനുകളിലേക്ക് എങ്ങനെ എത്താം?

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള ഇത്തരം സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം പൂർണ്ണമായും ദേശീയ അല്ലെങ്കിൽ സംസ്ഥാന തല എൻട്രൻസ് പരീക്ഷകളുടെ അടിസ്ഥാനത്തിലാണ്. നിങ്ങൾ തിരഞ്ഞെടുക്കുന്ന മേഖലയനുസരിച്ച് എഴുതേണ്ട പ്രധാന പരീക്ഷകൾ താഴെ പറയുന്നവയാണ്:

  • എൻജിനീയറിങ് മേഖലയിൽ ഐ ഐ ടി, എൻ ഐ ടി പോലുള്ള മുൻനിര ക്യാമ്പസുകളിലേക്ക് പ്രവേശനം നേടുന്നതിനായി ദേശീയതലത്തിൽ JEE Main, JEE Advanced പരീക്ഷകളും, കേരളത്തിലെ മികച്ച സർക്കാർ കോളേജുകൾക്കായി KEAM പരീക്ഷയും എഴുതാവുന്നതാണ്.
  • മെഡിക്കൽ രംഗത്ത് താല്പര്യമുള്ളവർക്ക് രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളായ എയിംസ് (AIIMS), ജിപ്മെർ (JIPMER) എന്നിവയുൾപ്പെടെയുള്ള ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലേക്ക് NEET പരീക്ഷ വഴിയാണ് അഡ്മിഷൻ ലഭിക്കുക.
  • ഇനി പ്യുവർ സയൻസ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കാണെങ്കിൽ IAT (IISER Aptitude Test) പരീക്ഷയിലൂടെ രാജ്യത്തെ പ്രീമിയം സയൻസ് ഇൻസ്റ്റിറ്റ്യൂട്ടുകളായ ഐസറുകളിൽ (IISER) പ്രവേശനം നേടാം.
  • മാനേജ്‌മെന്റ് രംഗത്ത് താല്പര്യമുള്ള പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് രാജ്യത്തെ പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളിൽ (IIM) നേരിട്ട് Integrated BBA + MBA (IPM) പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടാൻ IPMAT (Integrated Programme in Management Aptitude Test) പരീക്ഷ എഴുതാവുന്നതാണ്.
  • ഹ്യുമാനിറ്റീസ്, കോമേഴ്സ്, സയൻസ് ബിരുദ കോഴ്സുകൾ (Degree Courses) ഡൽഹി യൂണിവേഴ്സിറ്റി (DU), ജെ.എൻ.യു (JNU), ജാമിയ മില്ലിയ ഇസ്ലാമിയ, ഹൈദരാബാദ് യൂണിവേഴ്സിറ്റി തുടങ്ങിയ രാജ്യത്തെ പ്രമുഖ സെൻട്രൽ യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ CUET (Common University Entrance Test) പരീക്ഷയാണ് എഴുതേണ്ടത്.
  • നിയമപഠനമാണ് (Law) ലക്ഷ്യമെങ്കിൽ CLAT പരീക്ഷയെഴുതി നാഷണൽ ലോ യൂണിവേഴ്സിറ്റികളിലേക്കും (NLU), ഫാഷൻ-ഡിസൈൻ രംഗങ്ങളിലാണ് താല്പര്യമെങ്കിൽ NIFT, UCEED, NID തുടങ്ങിയ പ്രത്യേക പ്രവേശന പരീക്ഷകളിലൂടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, മുൻനിര ഐ.ഐ.ടികൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ പോലുള്ള പ്രീമിയം സ്ഥാപനങ്ങളിലേക്കും വിദ്യാർത്ഥികൾക്ക് വഴിതുറക്കും.

ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് ആഗോളതലത്തിലെ മികച്ച കരിയർ അവസരങ്ങളിലേക്കുള്ള യഥാർത്ഥ പ്രവേശന കവാടമാണ് ഒരു പ്രീമിയം ക്യാമ്പസ്. സാങ്കേതികവിദ്യകൾ എത്രതന്നെ മാറിയാലും കൃത്രിമബുദ്ധിക്ക് പകരമാകാൻ കഴിയാത്ത തന്ത്രപരമായ ചിന്താശേഷിയും ലീഡർഷിപ്പും പടുത്തുയർത്താൻ ഇത്തരം ക്യാമ്പസുകളിലെ അന്തരീക്ഷത്തിന് സാധിക്കും. ശരിയായ ലക്ഷ്യവും കൃത്യമായ തയ്യാറെടുപ്പും തുടർച്ചയായ പരിശ്രമവും ഉണ്ടെങ്കിൽ രാജ്യത്തെ ഏറ്റവും മികച്ച ഈ സ്ഥാപനങ്ങളിലേക്കുള്ള വഴി നിങ്ങൾക്കും മുന്നിൽ തുറക്കപ്പെടും. ഇന്ന് നിങ്ങൾ എടുക്കുന്ന ദീർഘവീക്ഷണത്തോടെയുള്ള ഒരു തീരുമാനം മാത്രമാണ് നാളത്തെ നിങ്ങളുടെ കരിയറിനെ നിർണയിക്കുന്നത്. അതിനാൽ വലിയ സ്വപ്നങ്ങൾ കാണൂ, അതിലും വലിയ പരിശ്രമങ്ങൾക്കായി ഇന്നേ തയ്യാറെടുക്കൂ!

Content Highlight: Studying at premium institutions ensures high salaries, strong alumni networks, affordable fees, and career security.

To advertise here,contact us