സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറി ഇടിച്ച് തെറിപ്പിച്ചു; രണ്ട് വിദ്യാര്‍ത്ഥികൾക്ക് പരിക്ക്

വയനാട് മേപ്പാടിയിലാണ് സംഭവം

കല്‍പ്പറ്റ: സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ ലോറി ഇടിച്ച് തെറിപ്പിച്ചു. ഇന്ന് വൈകിട്ട് നാലരയോടെ മേപ്പാടി നഗരത്തിലാണ് അപകടമുണ്ടായത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് റോഡ് മുറിച്ച് കടക്കുമ്പോഴാണ് അമിത വേഗത്തിലെത്തിയ ലോറി രണ്ട് പേരെ ഇടിച്ച് തെറിപ്പിച്ചത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.

ആദ്യം രണ്ട് വിദ്യാര്‍ത്ഥികള്‍ റോഡ് മുറിച്ചുകടന്നു. തൊട്ടുപിന്നാലെ മറ്റ് രണ്ട് പേരുമുണ്ടായിരുന്നു. എന്നാല്‍ അവര്‍ റോഡിന്റെ മറുഭാഗത്ത് എത്തുമ്പോഴേക്കും ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇരുവര്‍ക്കും ഗുരുതരമായ പരിക്കുകളില്ലെന്നാണ് വിവരം. പരിക്കേറ്റവരില്‍ ഒരു വിദ്യാര്‍ത്ഥി ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി. സീബ്രാലൈനില്‍ വച്ച് കുട്ടികളെ ഇടിച്ചതിനാല്‍ ലോറി ഡ്രൈവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകാനാണ് സാധ്യത.

Content Highlight; Lorry Hits Schoolgirls Crossing Zebra Line in Meppadi, Wayanad

To advertise here,contact us