കോഴിക്കോട്: ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകാണ്ട് മുന്നോട്ട് പോകാനും പുതിയ കാലത്തിനനുസരിച്ച് കൂടുതല്‍ സുവ്യക്തമായി പ്രവര്‍ത്തിക്കുന്നതിനുമാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ പറഞ്ഞു. തെരഞ്ഞടുപ്പില്‍ ഇത്ര വലിയ പരാജയം ഏറ്റുവാങ്ങാനുള്ള തെറ്റ് ഇടതുപക്ഷം ചെയ്തിട്ടില്ല. പ്രവര്‍ത്തന രംഗത്തെ ചില പാളിച്ചകള്‍ ഉണ്ടായെന്നും ശൈലജ ചൂണ്ടിക്കാട്ടി. കഴിഞ്ഞ പത്തുവര്‍ഷം ഭരണ രംഗത്ത് ജനദ്രോഹ നടപടികള്‍ ഒന്നും ഉണ്ടായില്ല. ജനങ്ങളുടെ ജീവിതം കൂടുതല്‍ ഭദ്രമാക്കാന്‍ ഒരു സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളുടെ എല്ലാ പരിമിതികളും കടന്നുള്ള പ്രവര്‍ത്തനം നടന്നെന്നും കേന്ദ്രത്തിന്റെ ഉപരോധം ഉണ്ടായിട്ടും അതിന് സാധിച്ചെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ സകല വര്‍ഗീയ ശക്തികളേയും ഇടതുപക്ഷത്തിനെതിരായി തിരിച്ചു വിടുന്നതില്‍ എതിരാളികള്‍ വിജയിച്ചെന്നാണ് കെ കെ ശൈലജ ചൂണ്ടിക്കാട്ടിയത്. ധാരാളം പണമുള്ള കൊണ്ട് സാമഹ്യ മാധ്യമങ്ങളേയും വന്‍കിട മാധ്യമങ്ങളേയും അവര്‍ക്ക് ഉപയോഗിക്കാന്‍ സാധിച്ചു. അത്ര പണം ചെലവഴിക്കാന്‍ ഇടതുപക്ഷത്തിനില്ലെന്നും തങ്ങള്‍ ഇലക്ട്രല്‍ ബോണ്ട് വാങ്ങിയിട്ടില്ലെന്നും ശൈലജ വ്യക്തമാക്കി. കോണ്‍ഗ്രസും ബിജെപിയും ഉയര്‍ത്തിയ നുണകളെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. പലരും ഈ പ്രചാരണങ്ങളില്‍പ്പെട്ട് ഇടതുപക്ഷത്തിന് വോട്ട് ചെയ്തിട്ടില്ല. എന്നാല്‍ അവരെ എല്ലാം കാണാനും ഒപ്പം ചേര്‍ക്കാനുമാണ് പാര്‍ട്ടി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇടതുപക്ഷം തകരാന്‍ പാടില്ലെന്നും തകര്‍ന്നാല്‍ ഉത്തരേന്ത്യ പോലെ കലാപങ്ങള്‍ ഉണ്ടാകുമെന്നും ശൈലജ അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ ആക്രമിപ്പെടുമെന്നും ചൂണ്ടിക്കാട്ടി.
നുണക്കഥകള്‍ക്ക് വശംവദരാകാതെ ജനങ്ങളെ ആകെ ചേര്‍ത്തുള്ള പോരാട്ടത്തിന് സിപിഐഎം നേതൃത്വം നല്‍കും. സോഷ്യലിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണ് ഇക്കാലത്തെ ചൂഷണങ്ങളെ പ്രതിരോധിക്കാനുള്ള ഏക വഴി. ഇടതുപക്ഷ സ്വഭാവത്തെ നിലനിര്‍ത്തുന്നതിനും വര്‍ഗീയതയ്ക്കെതിരായ മനോഭാവത്തെ ശക്തിപ്പെടുത്തുന്നതിനും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണമെന്നും കെ കെ ശൈലജ വിശദീകരിച്ചു. അതിനുള്ള മാര്‍ഗങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസം ചര്‍ച്ച ചെയ്തത്. ചെറിയ തെറ്റ് പറ്റിയാലും അത് ചൂണ്ടിക്കാട്ടി ശാസിച്ച് തിരുത്താന്‍ പോളിറ്റ് ബ്യൂറോ അംഗത്തിനും ബ്രാഞ്ച് അംഗത്തിനും ഒരേ അവകാശമാണ് ഈ പാര്‍ട്ടിയില്‍ ഉള്ളതെന്ന് പറഞ്ഞ ശൈലജ തങ്ങള്‍ തെറ്റ് തിരുത്തുമെന്നും സിപിഐഎം ജനങ്ങളുടെ പാര്‍ട്ടിയാണെന്നും പറഞ്ഞു.
Content Highlights: CPI(M) central committee member K K Shailaja said the extended state committee decided to take up public issues and make the party’s functioning more effective in line with changing times. She said the Left had not committed mistakes that warranted such a major electoral setback, while acknowledging some shortcomings in its functioning. Shailaja also highlighted the previous government’s initiatives and said development and welfare measures continued despite financial constraints from the Centre.