ആലപ്പുഴ: മാവേലിക്കരയിൽ മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ വാഹനമോടിച്ച സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം. മാവേലിക്കര കൺട്രോൾ റൂമിലെ ഉദ്യോസ്ഥർക്കെതിരെയാണ് അന്വേഷണം നടത്തുക. പൊലീസുകാരൻ അപകടകരമായി വാഹനം ഓടിച്ചെന്ന് കണ്ടെത്തിയിട്ടും വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും മദ്യപിച്ചോ എന്ന് തെളിയിക്കാൻ വൈദ്യപരിശോധന നടത്തിയില്ലെന്നുമാണ് ഇവർക്കെതിരായ ആരോപണം. അവശനാണെന്ന് ബോധ്യപ്പെട്ടിട്ടും പൊലീസ് ഉദ്യോഗസ്ഥനെ വാഹനവുമായി പോകാൻ അനുവദിച്ചുവെന്നും ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ ശ്രമം ഉണ്ടായെന്നുമാണ് സംശയം.
മദ്യലഹരിയിൽ വാഹമോടിച്ച സംഭവത്തിൽ ഉദ്യോഗസ്ഥനെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. മാന്നാർ സ്റ്റേഷനിലെ ഡ്രൈവർ സ്വരാജിനെയാണ് സസ്പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടിക്ക് ശുപാർശ ചെയ്ത് ചെങ്ങന്നൂർ ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. വാഹനം ഓടിച്ചത് അപകടകരമായ രീതിയിലെന്ന് റിപ്പോർട്ടിലുണ്ട്. ഉദ്യോഗസ്ഥൻ വൈദ്യ പരിശോധനയ്ക്ക് വിധേയനായിരുന്നില്ല.
കായംകുളം- ചെട്ടികുളങ്ങര റോഡിലായിരുന്നു ഉദ്യോഗസ്ഥൻറെ അപകടകരമായ യാത്ര. മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ച വാഹനം നിയന്ത്രണമില്ലാതെ റോഡിന്റെ ഇരു വശങ്ങളിലേക്കും പോകുന്ന ദൃശ്യങ്ങൾ റിപ്പോർട്ടറായിരുന്നു പുറത്തുവിട്ടത്. പൊലീസ് വാഹനത്തിന്റെ പിറകെ പോയ ബൈക്ക് യാത്രികരാണ് സാഹസിക യാത്രയുടെ ദൃശ്യങ്ങൾ പകർത്തിയത്. ദീർഘദൂരം സാഹസിക യാത്ര തുടർന്നതിന് ശേഷം വാഹനം മാവേലിക്കര വിഎസ്എം ആശുപത്രിക്ക് സമീപം ഉദ്യോഗസ്ഥൻ നിർത്തിയിട്ടു. പിന്നാലെ എത്തിയ ബൈക്ക് യാത്രികർ വാഹനം പരിശോധിച്ചപ്പോഴാണ് മദ്യലഹരിയിൽ ഛർദിച്ച് അവശനായ പൊലീസ് ഉദ്യോഗസ്ഥനെ വാഹനത്തിനുള്ളിൽ കണ്ടത്.
Content Highlights: police officer drunk driving incident in Mavelikkara, Alappuzha,Investigation against more officials